ജിദ്ദ: സൗദി അറേബ്യയിൽ ഒട്ടകങ്ങളെ പരിപാലിക്കുന്നതിനായി 120 മുറികളുള്ള ഹോട്ടൽ ആരംഭിച്ചു. റൂം സർവീസ്, ഹൗസ് കീപ്പിങ്, ഒട്ടക പരിപാലനം, മൃഗത്തിന് കാവൽ എന്നിവ വാഗ്ദാനം ചെയ്യുന്ന സവിശേഷമായ ഹോട്ടലിൽ അന്പതിലേറെ ജീവനക്കാർ ഒട്ടകങ്ങളെ പരിപാലിക്കാനുണ്ടാകുമെന്ന് സൗദി ഒട്ടക ക്ലബ്ബിന്റെ വക്താവ് മുഹമ്മദ് അൽ ഹർബി പറഞ്ഞു.

ഭക്ഷണം, ചൂടുപാൽ, ഒട്ടകങ്ങളുടെ രൂപപരിപാലനം എന്നിവയുൾപ്പെടെ ഹോട്ടൽ പഞ്ചനക്ഷത്ര സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ലോകത്തുതന്നെ ഇത്തരത്തിലുള്ള ആദ്യഹോട്ടലാണിത്. ഒട്ടകങ്ങളെ വൃത്തിയാക്കാനുള്ള മുറികളും താപനില ക്രമീകരിച്ച മുറികളും ലഭ്യമാണ്. ഒരു രാത്രിക്ക്‌ ഏകദേശം 400 റിയാലാണ് (ഏകദേശം 7900 രൂപ) ഈടാക്കുക.

കിങ് അബ്ദുൽ അസീസ് ഒട്ടകോത്സവത്തിന്റെ ആറാംപതിപ്പ് സൗദിയിൽ ഇപ്പോൾ നടന്നുവരികയാണ്. ലോകത്തിലെ ഒട്ടകങ്ങളുടെ ഏറ്റവും വലിയ മത്സരമായാണ് ഇത് കണക്കാക്കപ്പെടുന്നത്.