യടുത്ത് ദമ്മാമിലേക്ക് ഒരു ട്രെയിന്‍ യാത്ര നടത്തി. തനിയെ. വലിയ യന്ത്ര ഉരഗത്തിന്റെ പള്ളയില്‍ ബോഗി നമ്പര്‍ പരതി നടക്കുമ്പോള്‍ സൗദിയിലെ പതിവനുസരിച്ച് ബാച്ചിലര്‍ കമ്പാര്‍ട്ട്‌മെന്റായിരുന്നു മനസില്‍. വാസ്തവത്തില്‍ ട്രെയിനില്‍ പണ്ടുമുതലേ അങ്ങനെയൊരു ആണ്‍ പെണ്‍, സ്വദേശി വിദേശി വേര്‍തിരിവില്ലെന്നത് ഞാന്‍ മറന്നുപോയതായിരുന്നു. 

ട്രെയിനില്‍ യാത്ര ചെയ്തിട്ട് കുറച്ചുകാലമായി. ഏറ്റവും ഒടുവിലെ യാത്ര രണ്ട് വര്‍ഷം മുമ്പ്  കുടുംബത്തോടൊപ്പമായിരുന്നു. അന്നത്തെ യാത്രാനുഭവം മറക്കാനായിട്ടില്ല. അത്രമേല്‍ ഹൃദ്യം. കമ്പാര്‍ട്ട്‌മെന്റ് നിറയെ സൗദി കുടുംബങ്ങളായിരുന്നു. ഒരേയൊരു വിദേശി കുടുംബമായി ഞങ്ങളും. 

ഒരു അന്യതാബോധത്തിനും ഇടയുണ്ടായില്ല. സ്‌നേഹവാത്സല്യങ്ങള്‍ നിറഞ്ഞ പെരുമാറ്റം. റിയാദില്‍ നിന്ന് പുറപ്പെട്ട ശേഷം ദമ്മാമിനിടയില്‍ ആകെയുള്ള രണ്ടേ രണ്ടു സ്റ്റേഷനുകളായ ഹുഫൂഫില്‍നിന്നും അബ്‌ഖൈഖില്‍ നിന്നും കയറിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ അന്തരീക്ഷത്തെ കൂടുതല്‍ സജീവവും ഉത്സവഭരിതവുമാക്കി. 

അവരുടെ കൈയിലുണ്ടായിരുന്ന പോപ്‌കോണും ചോക്ലേറ്റുകളും കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന കൊച്ചുകുട്ടികള്‍ക്ക് വിതരണം ചെയ്തു. എന്റെ ഇളയ മകന് അന്ന് ഒരു വയസായിട്ടില്ലായിരുന്നു. ഒരു പെണ്‍കുട്ടി അവന്റെ കിളുന്ത് കൈയില്‍ ചോക്ലേറ്റ് പിടിപ്പിച്ചു. കവിളില്‍ തലോടി. അവന്‍ അവളെ നോക്കി പാല്‍പുഞ്ചിരി പൊഴിച്ചു. 

കമ്പാര്‍ട്ട്‌മെന്റിനുള്ളില്‍ ഒരു സ്ത്രീയും നിഖാബ് (മുഖ പടം) ധരിച്ചില്ല. അല്ലെങ്കില്‍ അതഴിച്ചുവെച്ചു. ഇറങ്ങുമ്പോള്‍ വീണ്ടും കെട്ടാനായി. കുടുംബം ഒപ്പമുള്ളത് കൊണ്ടാണ് സൗദി കുടുംബങ്ങളുള്ള കമ്പാര്‍ട്ട്‌മെന്റില്‍ കയറാനായത് എന്നൊരു ധാരണ അബദ്ധത്തില്‍ മനസില്‍ കയറിക്കൂടി. ബോഗികള്‍ അനവധിയുള്ളത് കൊണ്ട് ബാച്ചിലര്‍ യാത്രക്കാര്‍ക്ക് പ്രത്യേകതമുണ്ടാവുമെന്നും കരുതി. 

ഇത്തവണ ടിക്കറ്റിലെ നമ്പര്‍ പ്രകാരമുള്ള ബോഗി കണ്ടെത്തിയിട്ടും കയറാന്‍ മടിച്ചുനിന്നത് അതുകൊണ്ടായിരുന്നു. ഇത് തന്നെയാണ് നിങ്ങളുടെ ബോഗിയെന്ന് പ്ലാറ്റ്‌ഫോം ഉദ്യോഗസ്ഥന്‍ ആവര്‍ത്തിച്ചുറപ്പ് തന്നിട്ടാണ് കുടുംബങ്ങള്‍ നിറഞ്ഞിരിക്കുന്ന അതിനുള്ളിലേക്ക് കയറാന്‍ ധൈര്യപ്പെട്ടത്. നോക്കുമ്പോള്‍ ഒറ്റാന്തടികളായ യാത്രക്കാര്‍ വേറെയുമുണ്ടെന്ന് മനസിലായി. 

അധികസമയം വേണ്ടിവന്നില്ല, മുമ്പ് കുടുംബത്തോടൊപ്പം യാത്ര ചെയ്തപ്പോഴുണ്ടായ അതേ സൗഹൃദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അനുഭവപരിസരം സംജാതമാകാന്‍. അഭിമുഖമിരുന്ന സൗദി മധ്യവയസ്‌കന്‍ വളരെ സ്‌നേഹത്തോടെ പെരുമാറി. ഹിന്ദിയെന്നും കേരളയെന്നും മനസിലായപ്പോള്‍ അദ്ദേഹം കൂടുതല്‍ അടുപ്പം കാണിച്ചു. വിവരങ്ങളെല്ലാം ചോദിച്ചു മനസിലാക്കി. സംസാരമധ്യേ മകന്റെ പരസ്യ കമ്പനിയിലേക്ക് ഒരു ഗ്രാഫിക് ഡിസൈനറെ തേടുകയാണെന്ന വിവരവും അദ്ദേഹം പങ്കുവെച്ചു. പരിചയത്തില്‍ ആരെങ്കിലുമുണ്ടെങ്കില്‍ അറിയിക്കണം വിസ റെഡിയാണ് എന്ന് പറഞ്ഞ് അദ്ദേഹം സ്വന്തം നമ്പര്‍ എന്റെ മൊബൈലില്‍ സേവ് ചെയ്യിപ്പിക്കുകയും ചെയ്തു. 

കുടുംബിനികളും ഉദ്യോഗസ്ഥകളും കോളജ് വിദ്യാര്‍ത്ഥിനികളും ഉള്‍പ്പെടെ സ്വദേശി സ്ത്രീകള്‍ നിറയെയുണ്ടായിരുന്നു. അവരാരും മുഖം മറച്ചില്ല. മുഖത്ത് നോക്കി ചിരിക്കാനും സംസാരിക്കാനും മടിച്ചുമില്ല. ഒരു കുടുംബാന്തരീക്ഷത്തിലാണെന്ന പ്രതീതിയില്‍ മൂന്നര മണിക്കൂറിന്റെ ദൂരം അതിലുമെത്രയോ കുറഞ്ഞ സമയം കൊണ്ടലിഞ്ഞുതീര്‍ന്നതുപോലെ ദമ്മാമിലെത്തി. 

ട്രെയിന്‍ ബോഗികളിലെ ഈ സാമൂഹികാന്തരീക്ഷം സൗദിയിലെ മറ്റ് പൊതുയിടങ്ങളിലേക്കും വ്യാപിക്കുന്നതിനെ കുറിച്ച് എഴുതാന്‍ ആലോചിച്ചപ്പോഴാണ് ഈ യാത്ര ഓര്‍മയിലെത്തിയത്. അതെ, സൗദി മാറുകയാണ്. മുഖം മാറ്റുകയാണ്. അടഞ്ഞ സമൂഹം എന്ന ധാരണയെ തിരുത്തുകയാണ്. പൊതുയിടങ്ങളില്‍ ലിംഗ സമത്വം പതിയെ പതിയെ നിഖാബ് മാറ്റി തുടങ്ങിയിരിക്കുന്നു. പര്‍ദ്ദ ഒരു നിര്‍ബന്ധിത വസ്ത്രമല്ലെന്ന് പറഞ്ഞത് സൗദി റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും ഉന്നത പണ്ഡിത സഭാംഗവുമായ ശൈഖ് ഡോ. അബ്ദുല്ല അല്‍മുത്‌ലഖാണ്. 

കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന്റെ പ്രസ്താവന വാര്‍ത്താതലക്കെട്ടുകള്‍ പിടിച്ചെടുത്തത്. പര്‍ദ ധരിക്കുന്നതിന് സ്ത്രീകളെ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇസ്‌ലാമിക ശരീഅത്ത് സ്ത്രീകളുടെ ശരീരം മറയുന്ന വസ്ത്രം ധരിക്കുന്നതിനാണ് ആവശ്യപ്പെടുന്നത്. ഇതിന് പര്‍ദ്ദ തന്നെ വേണമെന്നില്ല. മറ്റ് വസ്ത്രങ്ങള്‍ ഉപയോഗിച്ച് ദേഹം മറച്ചാലും മതി. 

ഇസ്‌ലാമിക ലോകത്ത് മാന്യമായ വസ്ത്രം ധരിച്ച് നടക്കുന്ന 90 ശതമാനത്തിലേറെ മുസ്‌ലിം സ്ത്രീകളും പര്‍ദ്ദ ധരിക്കുന്നവരല്ല. അവര്‍ക്ക് പര്‍ദ്ദ അറിയുക കൂടിയില്ലെന്ന്‌വരെ ആ സൗദി സമുന്നത മതപണ്ഡിതന്‍ പറഞ്ഞുവെച്ചു. സ്ത്രീശാക്തീകരണത്തിന്റെയും ലിംഗ സാമൂഹിക സമത്വത്തിന്റെയും വിശേഷങ്ങള്‍ വേറെയുമുണ്ട് സൗദിയില്‍.

 നിരത്തുകളില്‍ സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ നിറയാന്‍ ഇനി അധിക കാലമില്ല. മുമ്പെങ്ങുമില്ലാത്ത വിധം സജീവമായ സംഗീത, നാടക മേഖലകളിലും സ്ത്രീ സാന്നിദ്ധ്യം വര്‍ധിച്ചുതുടങ്ങിയിട്ടുണ്ട്. സൗദി നാടക വേദിയില്‍ ആദ്യമായി ഒരു സ്ത്രീ നടി പ്രത്യക്ഷപ്പെട്ടത് ഈ മാസം തുടക്കത്തിലാണ്. അതും പ്രധാന റോളില്‍. 

റിയാദില്‍ നിന്ന് ബുറൈദ വഴി ഹായിലിലേക്കുള്ള വടക്കന്‍ റെയില്‍വേയുടെ എല്ലാ സ്റ്റേഷനുകളിലും കേരളത്തിലെ കുടുംബശ്രീ മാതൃകയില്‍ സ്ത്രീശാക്തീകരണ കുടില്‍ വ്യവസായ പദ്ധതിയുടെ വാണിജ്യ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാറ്റിന്റെയും നടത്തിപ്പുകാര്‍ സ്ത്രീകളാണ്. 

പുരുഷന്മാരെക്കാള്‍ സജീവമായി അവര്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നു. ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ലഭിച്ചതും ഈയിടെയാണ്. വലിയ വാര്‍ത്തയായിരുന്നു അതും. രാജ്യത്ത് നടക്കുന്ന സാംസ്‌കാരികോത്സവങ്ങളിലും അന്താരാഷ്ട്ര പ്രദര്‍ശന മേളകളിലുമെല്ലാം പുരുഷന്മാര്‍ക്കെന്ന പോലെ സ്ത്രീകള്‍ക്കും ഇപ്പോള്‍ ഒരേസമയം പ്രവേശനാനുമതിയുണ്ട്.  

സൗദിയിലെ മാറ്റങ്ങള്‍ സ്ത്രീ ഉന്നമനത്തില്‍ മാത്രമൊതുങ്ങുന്നതല്ല. സമഗ്രമായ മാറ്റം നിഖില മേഖലകളിലും. കാല്‍പന്തുകളിയില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന ജനങ്ങളുടെ വിനോദ താല്‍പര്യം മറ്റ് രംഗങ്ങളിലേക്കും വ്യാപരിക്കുന്നു. കലാസാംസ്‌കാരിക സാഹിത്യ സിനിമാ മേഖലകള്‍ക്കും സജീവ പരിഗണന ലഭിക്കുന്നു. വലിയ ഉണര്‍വ് ഈ രംഗങ്ങളില്‍ പ്രകടമാകുന്നു. സര്‍വതോന്മുഖമായ സാമൂഹിക സാംസ്‌കാരിക പുരോഗതി ലക്ഷ്യമിട്ട് ഭരണകൂടം പുതിയ പുതിയ ആശയങ്ങളെ അവതരിപ്പിക്കുന്നു. സാംസ്‌കാരിക പരിപാടികള്‍ക്ക് വേണ്ടി തന്നെ ജനറല്‍ ഈവന്റ് അതോറിറ്റി സര്‍ക്കാര്‍ തലത്തില്‍ രൂപവത്കരിച്ചു മുന്നോട്ട് പോകുന്നു.

ലോകോത്തര നിലവാരത്തില്‍ സംഗീത പരിപാടികളും മറ്റും ഇതിനകം നടന്നുകഴിഞ്ഞു. ലോക പ്രശസ്ത ഗ്രീക്ക് സംഗീതജ്ഞന്‍ യാനി സൗദിയിലെ മുന്ന് മെട്രോ നഗരങ്ങളില്‍ സംഗീത പരിപാടി അവതരിപ്പിച്ചുപോയത് അതോറിറ്റിയുടെ കീഴില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ്. രണ്ടിടങ്ങളില്‍ മാത്രം നിശ്ചയിച്ചിരുന്ന പരിപാടി മൂന്നാക്കിയത് ജനങ്ങളുടെ വര്‍ദ്ധിച്ച ആവശ്യത്തെ തുടര്‍ന്നാണ്. 

പരിപാടി സ്ഥലത്തേക്ക് പ്രവേശിക്കാന്‍ ആണ്‍ പെണ്‍, സ്വദേശി വിദേശി വേര്‍തിരിവുണ്ടായിരുന്നില്ല. പുതിയ മെഗാ ഈവന്റുകള്‍ ടൈം ലൈനിലാണ്. ജനങ്ങളുടെ താല്‍പര്യം അറിഞ്ഞ് അവരുടെ ആശയങ്ങള്‍ കൂടി സ്വീകരിച്ചുകൊണ്ട് ഈവന്റുകളുടെ വൈവിധ്യം സൃഷ്ടിക്കാനും പൊതുവിനോദ രംഗത്തെ കുറിച്ചുള്ള യഥാസ്ഥിതിക കാഴ്ചപ്പാടിനെ ഉടച്ചുവാര്‍ക്കാനും നിയന്ത്രണങ്ങളില്‍ അയവുവരുത്താനുമുള്ള ഉദ്യമങ്ങളാണ് നടന്നുവരുന്നത്. 

ഓപ്പറയ്ക്കും നാടകത്തിനുമുള്ള ലോകോത്തര സ്ഥിരം വേദി റിയാദില്‍ നിര്‍മാണം തുടങ്ങിയെന്ന വാര്‍ത്ത വായിച്ചത് കഴിഞ്ഞ ദിവസമാണ്. ഏറ്റവുമൊടുവില്‍ സിനിമയും വരാനൊരുങ്ങി നില്‍ക്കുന്നു. മാര്‍ച്ച് മാസം മുതല്‍ തിയേറ്ററുകള്‍ക്ക് സൗദി നഗരങ്ങളില്‍ പ്രവര്‍ത്താനനുമതി ലഭിച്ചുതുടങ്ങും. 

ലോക പ്രണയ ദിനത്തില്‍ ഇത്തവണ ചുവന്ന റോസാ പൂക്കള്‍ക്ക് വിലക്കുണ്ടായിരുന്നില്ല എന്ന് മാത്രമല്ല ആ ദിനം മാതൃദിനം പോലെ ഒന്നായി കണ്ടാല്‍ മതിയെന്നും അതില്‍ അനിസ്‌ലാമികമായി ഒന്നുമില്ലെന്നുമുള്ള സൗദി പണ്ഡിതനും മക്കയിലെ മതകാര്യവിഭാഗം മുന്‍ മേധാവിയുമായ ശൈഖ അഹമ്മദ് ഖാസിം അല്‍ഗാംദിയുടെ പ്രസ്താവന രാജ്യത്തെ ഒന്നാം നമ്പര്‍ ഇംഗ്ലീഷ് ദിനപത്രമായ അറബ് ന്യൂസ് വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത് ഈ നാളുകളിലാണ്.