സനാ: യെമെന്റെ മുൻ പ്രസിഡന്റ് അബ്ദുള്ള അലി സലേ കൊല്ലപ്പെട്ടെന്ന് ഹൂതി വിമതർ അറിയിച്ചു. സലേയും ഹൂതികളുമായുണ്ടായിരുന്ന സഖ്യം പിരിഞ്ഞതിനുശേഷം ഇരുവിഭാഗവും തമ്മിൽ യുദ്ധം നടക്കവേയാണ് സലേയുടെ മരണവാർത്ത പുറത്തുവരുന്നത്. മരണവിവരം സലേയുടെ പാർട്ടി സ്ഥിരീകരിച്ചു.

 ഹൂതികൾക്ക് നിയന്ത്രണമുള്ള ആഭ്യന്തരമന്ത്രാലയമാണ് തിങ്കളാഴ്ച മരണവിവരം അറിയിച്ചത്. ഹൂതികളുടെ ടെലിവിഷനായ അൽ-മസിറയിലൂടെയായിരുന്നു അറിയിപ്പ്. തലയ്ക്ക് ഗുരുതരമായി മുറിവേറ്റ സലേയുടെ ചിത്രവും പുറത്തുവിട്ടു. ഒരുവർഷം നീണ്ട ജനാധിപത്യപ്രക്ഷോഭത്തിനൊടുവിൽ 2012-ലാണ് സലേ പ്രസിഡന്റ് പദവി രാജിവെച്ചത്. മൂന്നുപതിറ്റാണ്ടിലേറെ നീണ്ട ഭരണം അതോടെ അവസാനിച്ചു.

ഇദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റായിരുന്ന അബ്ദുറബ്ബ്‌ മൻസൂർ ഹാദി പ്രസിഡന്റായി. ഹാദിയ്ക്കുനേരേ ഹൂതികൾ 2014-ൽ തുടങ്ങിയ യുദ്ധത്തിൽ പിന്നീട് സലേയും പങ്കാളിയായി. ഹാദി സർക്കാരിന്റെ ആസ്ഥാനമായ സനാ പിടിക്കാനുള്ള പോരാട്ടത്തിലായിരുന്നു ഇവർ. 

2015-ൽ സൗദി നേതൃത്വത്തിലുള്ള സൈനികസഖ്യം ഹൂതികൾക്കെതിരേ പോരാടാനിറങ്ങി. യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, ഹൂതികളും സലേയും തമ്മിൽ ഭിന്നതയുടലെടുത്തു. സൗദി സഖ്യവുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കഴിഞ്ഞദിവസം സലേ പറഞ്ഞിരുന്നു. സൗദി ഇതിനെ സ്വാഗതവും ചെയ്തു. സലേയുടെ പ്രവൃത്തിയെ വഞ്ചനയെന്നാണ് ഹൂതികൾ വിളിച്ചത്. ഇരുകൂട്ടരും തമ്മിൽ പോരാട്ടവും ശക്തമായി. ഇതിനുപിന്നാലെയാണ് സലേയുടെ മരണം. സലേയുടെ മരണത്തോടെ പോരാളി സംഘങ്ങളുടെ പ്രതിസന്ധി തീർന്നെന്ന് ഹൂതികൾ പ്രസ്താവിച്ചു. സനായിലെ യുദ്ധം ശക്തമായതോടെ ഇവിടേയ്ക്ക്‌ കൂടുതൽ സൈന്യത്തെ അയയ്ക്കാൻ ഹാദി തിങ്കളാഴ്ച ഉത്തരവിട്ടു.