ദോഹ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച 2019-20 ബജറ്റ് സമതുലിത സ്വഭാവത്തിലുള്ളതെന്ന് ദോഹ ബാങ്ക് സിഇഒ ഡോ. സീതാരാമന്‍. 2020ല്‍ മൂന്ന് ട്രില്ല്യന്‍ ഡോളറും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ച് ട്രില്ല്യന്‍ ഡോളറുമാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ഇന്ത്യയെ ലോകത്തെ മികച്ച സാമ്പത്തിക ശക്തിളിലൊന്നായി വളര്‍ത്താനുള്ള വികസന കാഴ്ച്ചപ്പാട് ബജറ്റില്‍ വ്യക്തമാണ്. ഓഹരി വില്‍പ്പനയിലൂടെ 1,05,000 കോടിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. വിവിധ മേഖലകളിലുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നു എന്നത് ശ്രദ്ധേയമാണ്. സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയിലര്‍മാര്‍ക്ക് സഹായകമാവുന്ന നിര്‍ദേശവും ബജറ്റ് മുന്നോട്ട് വച്ചിട്ടുണ്ട്. 

പബ്ലിക് ഷെയര്‍ഹോള്‍ഡിങ് 25 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കുന്ന കാര്യം പരിശോധിക്കാന്‍ സെബിക്ക് നിര്‍ദേശം നല്‍കിയതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. വിദേശ ഇന്ത്യക്കാരുടെയും(എന്‍ആര്‍ഐ) വിദേശികളുടെയും(ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്‌റ്റേഴ്‌സ്-എഫ്പിഐ) നിക്ഷേപ അവകാശങ്ങള്‍ കൂട്ടിച്ചേര്‍ത്തത് സ്വാഗതാര്‍ഹമാണ്. നാട്ടിലെത്തിയ ഉടന്‍ തന്നെ വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കാമെന്ന നിര്‍ദേശം പ്രവാസികളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്. പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന നിര്‍ദേശം നിക്ഷേപകര്‍ക്ക് കാര്യങ്ങള്‍ ലളിതമാക്കും. 

മൂലധനം വര്‍ധിപ്പിക്കുന്നതിനും വായ്പാ ലഭ്യത ഉറപ്പാക്കുന്നതിനും പൊതുമേഖലാ ബാങ്കുകള്‍ക്ക് 70,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ വികസനത്തിനുള്ള പുതിയ പൊതുസ്വകാര്യ പങ്കാളിത്ത മാതൃക ശ്രദ്ധേയമാണ്. 17 വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ബജറ്റ് നിര്‍ദേശം ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് കുതിച്ചു ചാടാനിടയാക്കും. 400 കോടി രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികള്‍ 25 ശതമാനം കോര്‍പറേറ്റ് നികുതി നല്‍കിയാല്‍ മതിയെന്ന നിര്‍ദേശവും വ്യാവസായിക മേഖലയുടെ വളര്‍ച്ചയ്ക്ക് കരുത്തേകും. നിലവില്‍ 250 കോടി രൂപ വരെ വിറ്റുവരവുള്ളവയ്ക്കാണ് ഈ ആനുകൂല്യം ലഭിച്ചിരുന്നത്. 

സര്‍ക്കാരിന്റെ സ്റ്റഡി ഇന്ത്യ പദ്ധതി വിദേശ വിദ്യാര്‍ഥികളെ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് ആകര്‍ഷിക്കും. ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോളനിലവാരത്തിലേക്കുയര്‍ത്തും. ഇന്ത്യന്‍ യുവതയുടെ കഴിവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് വികസിപ്പിക്കാനുതകുന്ന നിര്‍ദേശങ്ങളും ബജറ്റിലുണ്ട്. ഇക്കാര്യങ്ങളെല്ലാം വിലയിരുത്തുമ്പോള്‍ 2019-20 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് സമതുലിതമാണെന്ന് അഭിപ്രായപ്പെടാനാവുമെന്ന് സീതാരാമന്‍ പറഞ്ഞു.