മുംബൈ: ലഹരിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഖത്തര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന മുംബൈ സ്വദേശികളായ ദമ്പതികള്‍ തിരിച്ചെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ഇരുവരും മുംബൈയില്‍ എത്തിയതെന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു.

2019 ജൂലായില്‍ മധുവിധു ആഘോഷിക്കാന്‍ ദോഹയിലെത്തിയ മുഹമ്മദ് ഷെറീഖും ഒനിബയും ലഹരിമരുന്നു കേസില്‍ വിമാനത്താവളത്തില്‍ പിടിയിലാകുകയായിരുന്നു.

ഇവരെ പിതൃസഹോദരിയായ തബസം റിയാസ് ഖുറേഷി എന്ന സ്ത്രീ ചതിയില്‍പ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഒന്നരവര്‍ഷത്തിലേറെയായി തുടര്‍ന്ന നിയമപോരാട്ടത്തിനൊടുവില്‍ 2021 മാര്‍ച്ച് 31-നാണ് ജയില്‍ മോചിതരായത്. 2019 ജൂലായില്‍ ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങവേയാണ് ഇവരുടെ ബാഗില്‍ നിന്ന് 4.1 കിലോഗ്രാം ഹാഷിഷ് കണ്ടെത്തിയത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കീഴ്ക്കോടതിയാണ് ഇരുവര്‍ക്കും പത്തു വര്‍ഷം വീതം തടവും മൂന്നുലക്ഷം റിയാല്‍ വീതം പിഴയും വിധിച്ചത്.

ഖത്തറിലെ സുഹൃത്തിന് കൈമാറാന്‍ തബസം ഏല്‍പ്പിച്ച പൊതി ലഹരിമരുന്നാണെന്ന് തിരിച്ചറിയാതെയായിരുന്നു ഇരുവരും ദോഹയിലെത്തിയത്. തബസം തന്നെയാണ് ഇവരെ നിര്‍ബന്ധിച്ച് ദോഹയിലേക്ക് അയച്ചതും യാത്ര സ്‌പോണ്‍സര്‍ ചെയ്തതും. തങ്ങള്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് ഇരുവരും കോടതിയെ അറിയിച്ചിരുന്നു.

ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവേ ഒനിബ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. നിരപരാധികളെന്ന് വ്യക്തമാക്കി ദമ്പതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, കേസ് വീണ്ടും പരിഗണിക്കാന്‍ അപ്പീല്‍ ക്കോടതിക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് അപ്പീല്‍ക്കോടതി മോചിതരാക്കാന്‍ ഉത്തരവിട്ടത്.

തബസം, ലഹരിമരുന്നു കടത്ത് റാക്കറ്റിലെ കണ്ണിയാണെന്ന് മുംബൈ പോലീസ് കണ്ടെത്തിയതും കേസില്‍ വഴിത്തിരിവായി. ഖത്തറിലെ ഇന്ത്യന്‍ എംബസിയും ദമ്പതികളുടെ നിരപരാധിത്വം തെളിയിക്കാന്‍ ഇടപെടല്‍ നടത്തി. ലഹരിക്കടത്തില്‍ ഇവര്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് വ്യക്തമാക്കിയാണ് അപ്പീല്‍ കോടതി ഇരുവരെയും വെറുതേവിട്ടത്.

ദമ്പതികളുടെ കുടുംബങ്ങള്‍ മുംബൈയില്‍ നല്‍കിയ കേസില്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ അന്വേഷണവിവരങ്ങളും കേസിന്റെ രേഖകളും ഹര്‍ജിക്കൊപ്പം നല്‍കിയതും മോചനത്തിന് വഴിതുറന്നിരുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇവര്‍ തങ്ങളുടെ നിരപരാധിത്വം വെളിപ്പെടുത്തി അപേക്ഷ നല്‍കിയിരുന്നു. ഇന്ത്യന്‍ വിദേശകാര്യാലയവും ഇടപെട്ടിരുന്നു.