ദോഹ: സ്‌ഫോടനത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ലബനീസ് ജനതയ്ക്ക് ഖത്തറില്‍ നിന്നുള്ള സഹായം ഒഴുകുന്നു. പൂര്‍ണ സജ്ജമായ രണ്ട് ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ക്ക് പിന്നാലെ രക്ഷാ പ്രവര്‍ത്തനത്തിനായി ഖത്തര്‍ ആഭ്യന്തര സുരക്ഷാ സേനയില്‍ നിന്നുള്ള പ്രത്യേക സംഘവും എത്തി.
അത്യാധുനിക ഉപകരണങ്ങള്‍ സഹിതമുള്ള ലഖ്വിയ ടീം ഇന്നലെ വൈകീട്ടോടെയാണ് ബെയ്‌റൂത്തിലെത്തിയത്. തിരച്ചിലിലും രക്ഷാ പ്രവര്‍ത്തനത്തിലും ലഖ്വിയ ടീം സജീവമായി പങ്കെടുത്തു. അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഇന്നലെ അടിയന്തര വൈദ്യസഹായവുമായി അമീരി സേനയുടെ നാല് വിമാനങ്ങള്‍ ബെയ്‌റൂത്ത് റഫീക്ക് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിരുന്നു.
500 ബെഡ്ഡുകള്‍ വീതമുള്ള രണ്ട് ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ സജ്ജീകരിക്കാനുള്ള സംവിധാനമാണ് ഖത്തര്‍ ലബനോനിലെത്തിച്ചത്. മരുന്നുള്‍പ്പെടെയുള്ള അടിയന്തര സഹായവും ഖത്തര്‍ നല്‍കി. ലബ്‌നീസ് പ്രസിഡന്റ് മൈക്കല്‍ ഔനുമായി ടെലഫോണില്‍ ബന്ധപ്പെട്ട അമീര്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
ഖത്തര്‍ ചാരിറ്റി, ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയുമായി സഹകരിച്ച് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് റഗുലേറ്ററി അതോറിറ്റി ലബ്നീസ് ജനതയ്ക്കായി ഫണ്ട് ശേഖരം ആരംഭിച്ചു. ഖത്തറിലെ ജനങ്ങളില്‍ നിന്ന് പണം സ്വരൂപിച്ച് ദുരിതാശ്വാസ സാമഗ്രികള്‍ ബെയ്റൂത്തിലെത്തിക്കാനാണ് പദ്ധതി.