ദോഹ: ബ്രസീലില്‍ നടക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ഖത്തര്‍ നിവാസികള്‍ക്ക് ബിഇന്‍ സ്പോര്‍ട്സ് ചാനലില്‍ തത്സമയം കാണാം. ബ്രസീലിലെ അഞ്ച് നഗരങ്ങളില്‍ ആറ് വേദികളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. കോപ്പ അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഇത്തവണ എഎഫ്സി ഏഷ്യന്‍ കപ്പിലെ ചാംപ്യന്മാരായ ഖത്തറും റണ്ണറപ്പായ ജപ്പാനും മത്സരിക്കും. 

സബ്സ്‌ക്രൈബര്‍മാര്‍ക്കായി ബിഇന്‍ പ്രത്യേക സമ്മര്‍ പ്രമോഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ 24 മണിക്കൂറും സംപ്രേഷണം ചെയ്യുന്ന പ്രത്യേക കോപ്പ അമേരിക്ക ബ്രസീല്‍ 2019 ചാനലുകള്‍, 12 മണിക്കൂര്‍ എക്സ്‌ക്ലൂസീവ് ഡോക്യുമെന്ററികള്‍, ബ്രസീല്‍, അര്‍ജന്റീന, ചിലി, ഉറുഗ്വേ തുടങ്ങിയ പ്രമുഖ ടീമുകളുടെ പഴയ അറുപത് മല്‍സരങ്ങള്‍ എന്നിവ കാണാവുന്നതാണ്. 
പ്രമുഖരുമായുള്ള ഇന്റര്‍വ്യൂ ബിഇന്‍ സംപ്രേഷണം ചെയ്യും. അറബിക്, ഇംഗ്ലീഷ് കമന്ററിയോട് കൂടിയാവും സംപ്രേഷണം.