ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രവാസി സംഘടനകള്‍ക്കായി നടത്തിയ ദേശീയ ദിന തീം പരേഡ് മത്സരത്തില്‍ കള്‍ച്ചറല്‍ ഫോറം ഒന്നാം സ്ഥാനം നേടി. ഖത്തറിനോടുളള സ്നേഹവും ബഹുമാനവും, രാജ്യം കൈവരിച്ച നേട്ടങ്ങളും വിഷയമാക്കിയുളള പരേഡ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഓര്‍ഗനൈസിംഗ് കമ്മറ്റി ഓഫ് അസോസിയേറ്റഡ് ആക്ടിവിറ്റീസിന്റെ കീഴിലാണ് സംഘടിപ്പിച്ചത്.
ഖത്തറിന്റെ സാംസ്കാരിക പാരമ്പര്യവും രാജ്യം കൈവരിച്ച നേട്ടങ്ങളും പ്രതിഫലിപ്പിക്കുന്ന ആറ് പ്ലോട്ടുകളും 2019 ഇന്തോ ഖത്തര്‍ സാംസ്കാരിക വര്‍ഷത്തിന് സ്വാഗതമോതികൊണ്ടുളള കലാ സാംസ്കാരിക പരിപാടികളും സമന്വയിപ്പിച്ചതായിരുന്നു കള്‍ച്ചറല്‍ ഫോറം പരേഡ്. രാജ്യത്തിന്റെ വികസന കുതിപ്പ് അടയാളപ്പെടുത്തുന്ന, ദോഹ പോര്‍ട്ട്, മെട്രോ സ്റ്റേഷനും മെട്രോയും, കര്‍വ ബസ്, ക്ഷീര ഉത്പന്നരംഗത്തെ സ്വയംപര്യാപ്തത വ്യക്തമാക്കുന്ന വലിയ പശുവിന്റെ മാതൃക, തദ്ദേശീയ ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനവും എല്ലാം ഒരുക്കിയ പരേഡ് കുതിരപ്പടയുടെ അകമ്പടിയോടെയാണ് നടന്ന് നീങ്ങിയത്.
ജീവകാരുണ്യ രംഗത്ത് ഖത്തര്‍ നല്കിയ സംഭാവനകള്‍ ചിത്രീകരിച്ച ടാബ്ലോ പരേഡിന് മാറ്റ് കൂട്ടി. ഖത്തര്‍ പതാക ഏന്തിയും ഖത്തര്‍ ദേശീയ പതാകയുടെ നിറത്തിലുളള തൊപ്പികളും ഷാളുകളും സ്കാര്‍ഫുകളും ധരിച്ച് വനിതകളും കുട്ടികളുമുള്‍പ്പെടെ നൂറുക്കണക്കിനാളുകളാണ് പരേഡില്‍ അണിനിരന്നത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണില്‍ നടന്ന പരേഡ് കാണാന്‍ വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് ആളുകള്‍ എത്തിയിരുന്നു. പരേഡിന് കള്‍ച്ചറല്‍ ഫോറം ആക്ടിംഗ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം, വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്കി. ഒന്നാം സ്ഥാനക്കാര്‍ക്കുളള അയ്യായിരം റിയാലും ഉപഹാരവും സര്‍ട്ടിഫിക്കറ്റും കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി സി. സാദിഖലിയുടെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ഏറ്റുവാങ്ങി.
Content Highlights: qatar national day parade; cultural forum got first prize