ദോഹ: കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന ബെയ്റൂത്ത് ജനതയ്ക്ക് ഖത്തര്‍ ജനതയുടെ കാരുണ്യത്തിന്റെ കൈത്താങ്ങ്. പ്രത്യേക ടെലിവിഷന്‍ പ്രോഗ്രാമിലൂടെ രണ്ടു മണിക്കൂര്‍ കൊണ്ട് പിരിഞ്ഞുകിട്ടിയത് 65 മില്യണ്‍ റിയാല്‍.
ഖത്തര്‍ ടെലിവിഷനില്‍ കഴിഞ്ഞ ദിവസം രാത്രി 9 മുതല്‍ 11 വരെ സംഘടിപ്പിച്ച പ്രത്യേക ലബ്നോന്‍ ദുരിത നിവാരണ ഫണ്ടിലേക്കാണ് ഖത്തര്‍ ജനത സഹായം നല്‍കിയത്. ഖത്തര്‍ റെഡ് ക്രെസന്റിന്റെ നേതൃത്വത്തിലാണ് ധന സമാഹരണ പ്രോഗ്രാം സംഘടിപ്പിച്ചത്.
ബെയ്റൂത്തല്‍ ചൊവ്വാഴ്ച്ചയുണ്ടായ സ്ഫോടനത്തിന് പിന്നാലെ ആദ്യം സഹായവുമായി എത്തിയത് ഖത്തറായിരുന്നു. അമീരി സേനയുടെ നാല് വിമാനങ്ങളിലായി അടിയന്തര വൈദ്യസഹായം ഉള്‍പ്പെടെ തൊട്ടടുത്ത ദിവസം തന്നെ ഖത്തര്‍ എത്തിച്ചുനല്‍കിയിരുന്നു. 500 കിടക്കകള്‍ ഉള്ള രണ്ട് ഫീല്‍ഡ് ഹോസ്പിറ്റലുകളും ഖത്തര്‍ സജ്ജീകരിച്ചു. ഇതിന് പിന്നാലെ ഖത്തര്‍ ആഭ്യന്തര സുരക്ഷാ സേനയില്‍ നിന്നുള്ള പ്രത്യേക സംഘവും ബെയ്റൂത്തില്‍ എത്തിയിട്ടുണ്ട്. ഇവിടെയുള്ള തിരച്ചിലിനും മറ്റു രക്ഷാ പ്രവര്‍ത്തനങ്ങളിവും ഖത്തര്‍ സുരക്ഷാ സേനാ സംഘം സജീവമാണ്.