ദുബായ്: ഉപരോധം പിന്‍വലിക്കാന്‍ ഖത്തറിന് മുന്നില്‍ സൗദിഅറേബ്യയും സഖ്യരാജ്യങ്ങളും വെച്ച ഉപാധികള്‍ നടപ്പാക്കുന്നതിന് അനുവദിച്ച പത്തുദിവസത്തെ കാലാവധി തിങ്കളാഴ്ച അവസാനിക്കും. വ്യവസ്ഥകള്‍ സ്വീകാര്യമല്ലെന്ന ഖത്തറിന്റെ നിലപാടോടെ ഗള്‍ഫ് മേഖലയില്‍ നിലവിലുള്ള പ്രതിസന്ധി തുടരുകയാണ്.

ഭീകരപ്രസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ധനസഹായം ഉള്‍പ്പെടെയുള്ള നടപടികള്‍ ഉപേക്ഷിക്കാനും അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടുന്നതും ഉള്‍പ്പെടെ 13 വ്യവസ്ഥകളാണ് സൗദിയും സഖ്യരാജ്യങ്ങളും മുന്നോട്ടുവെച്ചിരുന്നത്.

അന്ത്യശാസനത്തിന്റെ കാലാവധി കഴിയുന്നതിന് മുമ്പുതന്നെ ഇത് യുക്തിക്ക് നിരക്കുന്നതല്ലെന്ന് പറഞ്ഞ് ഖത്തര്‍ ഈ വ്യവസ്ഥകള്‍ നിരാകരിച്ചിട്ടുണ്ട്. ഇതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് ഗള്‍ഫ് നാടുകളിലെങ്ങും ഉയരുന്നത്. ഇപ്പോഴത്തെ നടപടികള്‍ തിരുത്തുന്നില്ലെങ്കില്‍ ഖത്തറിന് ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍നിന്ന് വിട്ടുപോകാമെന്ന് നേരത്തെതന്നെ യു.എ.ഇ. വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജി.സി.സി.യില്‍ തുടരാന്‍ അവര്‍ക്ക് താത്പര്യമില്ലെന്നാണ് അവരുടെ നിലപാടുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതിനിടയിലും സമവായ ശ്രമങ്ങള്‍ കുവൈത്ത് അമീറിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലും ചില മധ്യസ്ഥശ്രമങ്ങള്‍ നടക്കുന്നു. ഇതിനിടയില്‍ ഇറാനുമായി ഖത്തര്‍ കൂടുതലായി ബന്ധപ്പെടുന്നതും മധ്യസ്ഥശ്രമങ്ങളെ പിന്നോട്ട് വലിച്ചിട്ടുണ്ട്. കുവൈത്ത് അമീറായിരുന്നു ആദ്യഘട്ടത്തില്‍ എല്ലാ രാഷ്ട്രത്തലവന്മാരുമായും ആശയവിനിമയം നടത്തിയത്. ആദ്യം സൗദി അറേബ്യ സന്ദര്‍ശിച്ച കുവൈത്ത് അമീര്‍ പിന്നീട് യു.എ.ഇ. യിലും അതേദിവസംതന്നെ ഖത്തറിലുമെത്തി രാഷ്ട്രത്തലവന്മാരുമായി സംസാരിച്ചിരുന്നു. ഖത്തര്‍ നിലപാട് മാറ്റാതെ യാതൊരു സമവായത്തിനും സാധ്യതയില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സൗദി അറേബ്യ, യു.എ.ഇ., ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍.