ദോഹ: പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍ ക്വാറന്റൈന്‍ വേണമെന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം പ്രതിഷേധാര്‍ഹമെന്ന് കേരളീയം ഖത്തര്‍ അധ്യക്ഷന്‍ ദുര്‍ഗ്ഗാദാസ്. നിലവില്‍ ഇന്ത്യയിലാകെ ഒമിക്രോണ്‍ പടര്‍ന്ന് പിടിയ്ക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇല്ല. സംസ്ഥാന അതിര്‍ത്തികള്‍ തുറന്നുകിടക്കുമ്പോള്‍ പ്രവാസികള്‍ക്ക് മാത്രം ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കുന്നത് വിവേചനമാണ്. 

ഒരു ഭാഗത്ത് നുറുകണക്കിന്  പേര്‍ പങ്കെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളന റാലികളും  മുഖ്യമന്ത്രിയുടെ കെ റെയില്‍ വിശദീകരണ യോഗങ്ങളും ഉദ്ഘാടനങ്ങളും പൊടിപൊടിയ്ക്കുമ്പോള്‍ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തുന്ന പാവം പ്രവാസി 7 ദിവസം ക്വാറന്റൈനും 7 ദിവസം നിരീക്ഷണവുമടക്കം 14 ദിവസം വീടടച്ച് ഇരുന്നുകൊള്ളണമെന്നാണ് സര്‍ക്കാര്‍ ആജ്ഞ. 

ഇന്ത്യയില്‍ നിന്ന് ഖത്തറില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് 7 ദിവസത്തെ ക്വാറന്റൈന്‍ കേന്ദ്ര സര്‍ക്കാര്‍ ഖത്തര്‍ സര്‍ക്കാരുമായി ഇടപെട്ട് പഴയത് പോലെ രണ്ട്  ദിവസം  ആക്കാന്‍ നടപടി സ്വീകരിക്കണം. ഈ ഇരട്ട നീതി പിന്‍വലിക്കണമെന്നും, കോവിഡ് ആരംഭിച്ചത് മുതല്‍ പിണറായി സര്‍ക്കാര്‍ പ്രവാസികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ ഇതിനെതിരെ പ്രവാസികള്‍ ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ദുര്‍ഗ്ഗാദാസ് അഭ്യര്‍ത്ഥിച്ചു.