ദോഹ: കോവിഡ് പ്രതിരോധ രംഗത്ത് മാതൃകയാവുകയാണ് ഖത്തര്‍ എന്ന കൊച്ചു രാജ്യം. രാജ്യത്ത് ഒരിക്കല്‍ പോലും സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താതെ ഗവണ്‍മെന്റും പൊതുജനങ്ങളും കൈകോര്‍ത്ത് സാക്ഷാല്‍ക്കരിച്ച കോവിഡ് പ്രതിരോധത്തിന്റെ ഖത്തര്‍ മാതൃക ലോകം ചര്‍ച്ച ചെയ്യുകയാണ്. താമസിയാതെ തന്നെ ആര്‍ജിത പ്രതിരോധത്തിലൂടെ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിപുലമായ ആശുപത്രി സൗകര്യങ്ങളും ക്വാറന്റീന്‍ സംവിധാനങ്ങളുമേര്‍പ്പെടുത്തിയാണ് രാജ്യം മഹാമാരിയെ പിടിച്ചുകെട്ടിയത്. മികച്ച പരിചരണത്തിലൂടെ മരണ നിരക്ക് നിയന്ത്രിക്കാനായി. കഴിഞ്ഞ മാസം ഒരാള്‍ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത്. മൊത്തം 602 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

ലോകത്ത് വാക്സിന്‍ ലഭ്യമായ ആദ്യ നാളുകളില്‍ തന്നെ ഏറ്റവും മികച്ച വാക്സിനുകള്‍ സ്വന്തമാക്കുകയും മുന്‍ഗണനാടിസ്ഥാനത്തില്‍ രാജ്യത്തെ അര്‍ഹരായ ജനസംഖ്യയുടെ ഭൂരിഭാഗത്തിനും വാക്സിന്‍ നല്‍കുകയും ചെയ്താണ് രാജ്യം മാതൃക കാണിച്ചത്. ഇന്നലത്തെ കണക്കനുസരിച്ച് 4479962 ഡോസ് വാക്സിനുകളാണ് ഖത്തര്‍ ഇതുവരെ നല്‍കിയത്. രാജ്യത്തെ 12 വയസിന് മുകളിലുള്ള മുഴുവനാളുകള്‍ക്കും വാക്സിന്‍ നല്‍കുകയെന്ന മഹത്തായ ലക്ഷ്യത്തിനരികെയെത്തിയത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

രാജ്യത്ത് 233087 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. അതില്‍ 229962 പേര്‍ രോഗമുക്തരായി. 2521 രോഗികളാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 77 പേര്‍ ആശുപത്രികളിലും 24 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 2515606 പരിശോധനകളാണ് ഖത്തറില്‍ ഇതുവരെ നടത്തിയതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

അത്യാധുനിക പ്രതിരോധ സുരക്ഷ നടപടികളോടെ ലോകത്തിന് മൊത്തം പ്രതീക്ഷയുടെ ചിറകുകള്‍ നല്‍കി ഖത്തറിന്റെ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് ഭൂഖണ്ഡങ്ങളില്‍ നിന്നും ഭൂഖണ്ഡങ്ങളിലേക്ക് പറന്നും ചരക്കുഗതാഗതത്തിന് സൗകര്യമൊരുക്കുകയും ചെയ്തത് മഹാമാരിയുടെ കെടുതിയില്‍ വലഞ്ഞ ലോകത്തിന് നല്‍കിയ ആശ്വാസം ചെറുതല്ല. ഇപ്പോഴും അമേരിക്ക, കാനഡ തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന മഹാഭൂരിഭാഗമാളുകളും ഖത്തര്‍ എയര്‍വെയ്സിനെയാണ് ആശ്രയിക്കുന്നത്. ചുരുക്കത്തില്‍ കോവിഡ് പ്രതിരോധ രംഗത്ത് മാതൃകയായി ഖത്തര്‍ ലോകത്തിന് തന്നെ പ്രതീക്ഷയാണ് നല്‍കുന്നത്.