ദോഹ: കോവിഡ് കാലത്ത് കള്‍ചറല്‍ ഫോറം നടത്തിയ സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ കമ്യൂണിക്കബ്ള്‍ ഡിസീസ് സെന്ററിന്റെയും കോവിഡ് കണ്‍ട്രോള്‍ വകുപ്പിന്റെയും മേധാവി ഡോ. മുന അല്‍ മസ് ലമാനി. കോവിഡ് പ്രതിരോധത്തെ കുറിച്ചും ആളുകളില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്നതിനും കള്‍ച്ചറല്‍ ഫോറം നടത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അവര്‍ പറഞ്ഞു.

ഖത്തറില്‍ കോവിഡ് പ്രതിരോധ രംഗത്തെ മുന്നണിപ്പോരാളികളിലൊരാളായ ഡോ. മുനാ അല്‍ മസ് ലമാനിയെ സന്ദര്‍ശിച്ച കള്‍ച്ചറല്‍ ഫോറം നേതാക്കളുമായി സംസാരിക്കുകയായിരുന്നു അവര്‍. സാധാരണക്കാരായ പ്രവാസികള്‍ക്കിടയില്‍ കോവിഡ് വാക്‌സിനെക്കുറിച്ചും അര്‍ഹരായവര്‍ പ്ലാസ്മ ദാനം ചെയ്യുന്നതിനും ആവശ്യമായ ബോധവത്കരണം നടത്താന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ പിന്തുണ മുന ആവശ്യപ്പെട്ടു. 

ഖത്തറിലെ ഇന്ത്യക്കാരടക്കമുള്ള പ്രവാസി സമൂഹത്തിന് ഖത്തര്‍ സര്‍ക്കാരും ഹമദ് മെഡിക്കല്‍ കോര്‍പറേഷനും നല്‍കുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് കള്‍ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി പറഞ്ഞു. കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രത്യേക ആദരവ് ഡോ. മുനക്ക് കൈമാറി.

കോവിഡ് ബോധവല്‍കരണത്തിന്റെ ഭാഗമായി കള്‍ചറല്‍ ഫോറം പ്രസിദ്ധീകരിച്ച ബുക്ലെറ്റ് പരിചയപ്പെടുത്തി. കള്‍ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, കമ്യൂണിറ്റി സര്‍വീസ് വിങ് സെക്രട്ടറി റഷീദലി, ഡോ. നൗഷാദ്, നടുമുറ്റം എക്‌സിക്യൂട്ടീവ് അംഗം നുഫൈസ ഹഫീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.