ദോഹ: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലവില്‍ വന്ന ഓണ്‍ലൈന്‍ പഠന രീതി അധ്യാപകര്‍ക്കെന്ന പോലെ രക്ഷിതാക്കള്‍ക്കും ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുന്നതാണെന്ന് വിസ്ഡം എഡ്യുകേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി അഭിപ്രായപ്പെട്ടു. ഖത്തര്‍ കേരള ഇസ്ലാഹി സെന്ററിന് കീഴില്‍ സലത്വ ജദീദില്‍ പ്രവര്‍ത്തിക്കുന്ന അല്‍മനാര്‍ മദ്‌റസയുടെ പുതിയ അദ്ധ്യായന വര്‍ഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ പഠനത്തില്‍ സഹായിക്കുന്നതോടൊപ്പം അവരുടെ ഓണ്‍ലൈന്‍ ഇടപെടലുകളില്‍ കൂടി രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അറിവ് കരസ്ഥമാക്കുന്നതോടൊപ്പം തിരിച്ചറിവും നേടാന്‍ നാം പരിശ്രമിക്കണമെന്നും, ധാര്‍മ്മിക പാതയിലൂടെ മുന്നോട്ട് നീങ്ങി മാതൃകാ ജീവിതം നയിക്കാന്‍ തയ്യാറാവണമെന്നും പ്രഭാഷണം നിര്‍വ്വഹിച്ച വിസ്ഡം ബാലവേദി സംസ്ഥാന കണ്‍വീനര്‍ ശമീല്‍ മഞ്ചേരി കുട്ടികളോട് പറഞ്ഞു. ക്യു.കെ.ഐ.സി പ്രസിഡന്‍ഡ് കെ.ടി.ഫൈസല്‍ സലഫി ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.