ദോഹ: സ്‌നേഹത്തിന്റെയും ഒരുമയുടേയും വികാരങ്ങളോടെ തിരുവോണമാഘോഷിച്ച് ഖത്തറിലെ മലയാളി സമൂഹം. കോവിഡ് മഹമാരിയും തൊഴില്‍ സാഹചര്യങ്ങളുമൊക്കെ സൃഷ്ടിച്ച പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഓണക്കോടിയണിഞ്ഞും ഓണസദ്യയൊരുക്കിയുമാണ് ഖത്തറിലെ മലയാളി സമൂഹം തിരുവോണം സമുചിതമായി ആഘോഷിച്ചത്.

ഓഫീസുകളിലും താമസ സ്ഥലങ്ങളിലും ഓണപൂക്കളമിട്ടും ഓണ സന്ദേശങ്ങള്‍ കൈമാറിയും കുട്ടികളും കുടുംബവുമൊക്കെ ഓണാഘോഷത്തിന്റെ ഭാഗമായപ്പോള്‍ ഗള്‍ഫിലും കേരളത്തനിമയുള്ള ഓണാഘോഷത്തിന് വേദിയൊരുങ്ങി. കോവിഡ് സാഹചര്യത്തില്‍ വിപുലമായ ഓണാഘോഷ പരിപാടികളും മാവേലിയുടെ എഴുന്നള്ളത്തുമൊന്നും ഉണ്ടായില്ലെങ്കിലും സ്‌നേഹ സുരഭിലമായ ഓര്‍മകള്‍ അയവിറക്കി മലയാളി സമൂഹം ഓണമാഘോഷിച്ചപ്പോള്‍ സാമൂഹ്യ സൗഹാര്‍ദ്ദത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിച്ചു.