ദോഹ : പ്രവാസികളുടെ അവകാശ സംരക്ഷണത്തിനായി പ്രവാസി വെല്‍ഫെയര്‍ ഫോറം  കേരള  സംഘടിപ്പിക്കുന്ന  പ്രവാസി പ്രക്ഷോഭം  വിജയിപ്പിക്കാന്‍ കള്‍ച്ചറല്‍  ഫോറം  സംസ്ഥാന സമിതിയും  ജില്ലാ ഭാരവാഹികളുടെ യോഗവും തീരുമാനിച്ചു. കേന്ദ്ര  കേരള സര്‍ക്കാരുകള്‍ പ്രവാസി പ്രശ്‌നങ്ങളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കേണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ  ഭാഗമായി വിത്യസ്ത  പരിപാടികളാണ് നടക്കുന്നത് . ആഗസ്റ്റ് 13 വെള്ളി  ഖത്തര്‍ സമയം  വൈകുന്നേരം 4 .30  മുതല്‍ 6 .30  വരെ നടക്കുന്ന വെര്‍ച്യുല്‍  കോണ്‍ഫെറന്‍സില്‍  ഖത്തറില്‍ നിന്നും  മൂവായിരത്തിലധികം  ആളുകളെ പങ്കെടുപ്പിക്കും . പരിപാടിയുടെ  വിജയത്തിനായി  തസീന്‍  അമീന്‍  കണ്‍വീനറായി  പ്രചാരണ കമ്മിറ്റിക്കു  രൂപം  നല്‍കി. 

ഖത്തറിലെ വിവിധ പ്രവാസി സംഘടന  നേതാക്കള്‍  പങ്കെടുക്കുന്ന  ചര്‍ച്ച സമ്മേളനവും  സംസ്ഥാന സമിതിക്കു  കീഴില്‍  നടക്കും. പരിപാടിയുടെ  ഭാഗമായി  വിവിധ  ജില്ലാ കമ്മിറ്റികളും  വിത്യസ്ത  പരിപാടികള്‍ക്കു  രൂപം  നല്‍കിയിട്ടുണ്ട് . കൊല്ലം ജില്ല കമ്മിറ്റി പ്രവാസലോകത്തെ  കോവിഡ്  പ്രതിസന്ധി  എന്ന വിഷയത്തില്‍   സംഘടിപ്പിക്കുന്ന  ടേബിള്‍ ടോക്ക് ആഗസ്റ്റ് 5ന് രാത്രി എട്ടു മണിക്ക് നടക്കും. പരിപാടിയില്‍  വിവിധ സംഘടന പ്രതിനിധികള്‍ പങ്കെടുക്കും. പരിപാടിയുടെ  ഭാഗമായി തൃശൂര്‍  ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന  കലാസദസ്സ്  നാളെ (വെള്ളി) ഉച്ചക്ക് 12 .30  മുതല്‍  നടക്കും. 'പ്രവാസം  തുറക്കാത്ത  ക്യാമറ കണ്ണുകള്‍' എന്ന വിഷയത്തില്‍  ഫോട്ടോഗ്രാഫി  മത്സരവും  സംഘടിപ്പിച്ചതായി  തൃശൂര്‍  ജില്ലാ  ഭാരവാഹികള്‍ അറിയിച്ചു. ഖത്തറില്‍ സ്ഥിരതാമസക്കാരായ  ഏതൊരു മലയാളിക്കും  മത്സരത്തില്‍  പങ്കെടുക്കാം. വിജയികള്‍ക്ക് സമ്മാനവും  നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  50064648  എന്ന നമ്പറില്‍ ബന്ധപ്പെടാം. പാലക്കാട് ജില്ല കമ്മിറ്റിക്കു കീഴില്‍ നാളെ രാത്രി ഏഴു മണിക്ക് ഓണ്‍ലൈന്‍  സംഗമം നടക്കും. കോഴിക്കോട് ജില്ല കമ്മിറ്റിക്ക് കീഴില്‍ ക്ലബ് ഹൗസ്  ചര്‍ച്ച,നേതൃസംഗമം തുടങ്ങിയ പരിപാടികളാണ് നടക്കുക. കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം തുടങ്ങിയ ജില്ല കമ്മിറ്റികള്‍ക്ക് കീഴിലും വിവിധ  പരിപാടികള്‍ നടക്കുന്നുണ്ട്.

Content Highlights: nri protests will be implemented successfully