ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്.എം.സി.) സീലൈന്‍ വാര്‍ഷിക ക്ലിനിക് 24 മണിക്കൂറും പ്രവര്‍ത്തനസജ്ജം.

വ്യാഴംമുതല്‍ ഞായര്‍വരെയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. നവംബര്‍ രണ്ടുമുതല്‍ ക്ലിനിക് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക ഉദ്ഘാടനം നടത്തിയത്.
 
ശൈത്യകാല ക്യാമ്പിനോട് അനുബന്ധിച്ചാണ് എച്ച്.എം.സി.യുടെ വാര്‍ഷിക ക്ലിനിക്കും തുറക്കുന്നത്. സീലൈനിലെ ശൈത്യകാല ക്യാമ്പിലുള്ളവര്‍ക്കും പരിസരപ്രദേശങ്ങളില്‍ ഉള്ളവര്‍ക്കുമാണ് ക്ലിനിക്കിന്റെ പ്രയോജനം ലഭിക്കുന്നത്.

എല്ലാവിധ മെഡിക്കല്‍ ഉപകരണങ്ങളും ക്ലിനിക്കിലുണ്ട്. ചെറിയ പരിക്കുകള്‍ക്കും അത്യാഹിത കേസുകള്‍ക്കുമുള്ള ചികിത്സ ക്ലിനിക്കില്‍ ലഭിക്കും. ഗുരുതരമായ കേസുകള്‍ എച്ച്.എം.സി.യിലെ അത്യാഹിത വിഭാഗത്തിലേക്ക് അയയ്ക്കും. രോഗികളെ ആസ്​പത്രിയിലേക്ക് കൊണ്ടുപോകാനായി പ്രത്യേക ലൈഫ് ഫ്‌ളൈറ്റ് ഹെലികോപ്ടറുകളും ആംബുലന്‍സുകളും സജ്ജമാണ്. ഡോക്ടര്‍, രണ്ട് നഴ്‌സുമാര്‍ എന്നിവരുള്‍പ്പെടുന്ന ക്ലിനിക് 24 മണിക്കൂറും സജീവമാണ്. ആംബുലന്‍സിന്റെ സേവനവും 24 മണിക്കൂറും ലഭിക്കും.

ക്ലിനിക്കിനോട് ചേര്‍ന്നാണ് ഹെലിപാഡ്. കൂടാതെ ഇന്‍ലാന്‍ഡ് സീ പ്രദേശത്ത് മൂന്ന് ഹെലിപാഡുകള്‍ കൂടിയുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമുതല്‍ ഞായറാഴ്ച വൈകീട്ട് അഞ്ചുവരെയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. ശൈത്യകാല ക്യാമ്പുകള്‍ അവസാനിക്കുന്നതുവരെയാണ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം. ഏപ്രില്‍ മുപ്പതുവരെയാണ് ക്യാമ്പ്. ഏപ്രില്‍വരെ 25 വാരാന്ത്യങ്ങളില്‍ ക്ലിനിക് പ്രവര്‍ത്തിക്കും. വാര്‍ഷിക ക്ലിനിക് കൂടാതെ പതിവ് അടിയന്തരസേവനങ്ങളും 24 മണിക്കൂറും സീലൈനില്‍ എച്ച്.എം.സി. നല്‍കുന്നുണ്ട്. ആംബുലന്‍സ് സേവനം സ്ഥിരമായി സീലൈനിലുണ്ട്.