ദോഹ: പുകവലിയും ടൊബാക്കോ ഉല്‍പന്നങ്ങളുടെ ഉപഭോഗവും ശ്വാസകോശരോഗങ്ങളുടെ മുഖ്യ കാരണമാണെന്നും ശക്തമായ ബോധവല്‍ക്കരണത്തിലൂടെ ഈ രംഗത്ത് ആശാവഹമായ മാറ്റമുണ്ടാക്കാനാകുമെന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ടൊബാക്കോ കണ്‍ട്രോള്‍ വിഭാഗം സൂപ്പര്‍വൈസര്‍ ഡോ. മുഹമ്മദ് അസദ് അഭിപ്രായപ്പെട്ടു. 

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ആന്റി സ്‌മോക്കിംഗ് സൊസൈറ്റി സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൊതുപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപരവും സാംസ്‌കാരികവുമായ വിവിധ രൂപത്തിലാണ് പുകവലി മനുഷ്യകുലത്തെ സ്വാധീനിച്ചത്. എന്നാല്‍ ശാസ്ത്ര പുരോഗതിയും ആരോഗ്യരംഗത്തെ പഠനങ്ങളും പുകവലി ഒരു സാമൂഹ്യ തിന്മയാണെന്ന് ബോധ്യപ്പെടുത്തുന്നതില്‍ വിജയിച്ചിരിക്കുന്നു. നിരന്തരമായ ബോധവല്‍ക്കരണ പരപാടികളിലൂടെ മാത്രമേ പുകവലിയുടെ പിടിയില്‍ നിന്നും സമൂഹത്തെ രക്ഷിക്കാനാവുകയുള്ളൂ, അദ്ദേഹം പറഞ്ഞു. 

പുകവലിക്കെതിരെ ശക്തമായ ബോധവത്കരണ പരിപാടികള്‍ അനിവാര്യമാണെന്ന് ചടങ്ങില്‍ വിഷയമവതരിപ്പിച്ച് സംസാരിച്ച സൊസൈറ്റി പ്രസിഡന്റ് ഡോ.അബ്ദുല്‍ റഷീദ് പറഞ്ഞു. 

സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര, ഖത്തര്‍ ചെയര്‍മാന്‍ ഡോ. എം. പി. ഹസന്‍കുഞ്ഞി, അല്‍ക പട്ര എന്നിവര്‍ സംസാരിച്ചു. മീഡിയ പ്‌ളസ് സി. ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. 

പുകയില വിരുദ്ധ പ്രമേയത്തില്‍ ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനത്തോടെയാണ് പുകയില വിരുദ്ധ ദിനാചരണ പരിപാടികള്‍ തുടങ്ങിയത്. പ്രദര്‍ശനം ആരോഗ്യ മന്ത്രാലയത്തിലെ ടൊബാക്കോ കണ്‍ട്രോള്‍ സൂപ്പര്‍വൈസര്‍ ഡോ. മജ്ദീ യൂസുഫ് അശൂര്‍, ഡോ. മുഹമ്മദ് അസദ്, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ദോഹ ബ്യൂട്ടി സെന്ററായിരുന്നു പരിപാടിയുടെ പ്രായോജകര്‍.