ദോഹ: ഫിഫയുടെ ബൗദ്ധിക സ്വത്തവകാശം അനധികൃതമായി ഉപയോഗിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നതിനെതിരെ ഖത്തര്‍ ലോക കപ്പ് സംഘാടക സമിതിയുടെ മുന്നറിയിപ്പ്. ലോക കപ്പുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ അനുമതി കൂടാതെ വാണിജ്യ ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ചാല്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പത്ര പരസ്യത്തിലൂടെ അറിയിച്ചു. 

പ്രിന്റിങ് പ്രസ്സുകള്‍, മീഡിയ എജന്‍സികള്‍, വിതരണക്കാര്‍, സമ്മാനങ്ങളും സ്മരണികകളും കയറ്റുമതി ചെയ്യുകയോ നിര്‍മിക്കുകയോ ചെയ്യുന്നവര്‍ തുടങ്ങിയവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഫിഫ ലോക കപ്പിന്റെ പകര്‍പ്പവകാശം ലംഘിക്കുന്നതുമായി ബന്ധപ്പെട്ട 2002ലെ ഏഴാം നമ്പര്‍ നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ 20,000 റിയാല്‍ വരെ പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കും. കോടതി തീരുമാനം സ്വന്തം ചെലവില്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കുക, ആറ് മാസത്തേക്ക് വാണിജ്യ ലൈസന്‍സ് റദ്ദാക്കുക, വ്യാജ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച് ഉപകരണങ്ങളും മറ്റും പിടിച്ചെടുക്കുക തുടങ്ങിയവയും ശിക്ഷയില്‍ ഉള്‍പ്പെടുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 

ഔദ്യോഗിക ലോഗോ, ടൂര്‍ണമെന്റ് ട്രോഫി, ഔദ്യോഗിക ഭാഗ്യ ചിഹ്നം എന്നിവയ്ക്കു പുറമേ ഫിഫ, ഖത്തര്‍ 2022, ലോക കപ്പ്, ലോക കപ്പ് 2022, ഫിഫ ലോക കപ്പ് ഖത്തര്‍ 2022 തുടങ്ങിയ വാക്കുകളുടെ ഉപയോഗവും ബൗദ്ധിക സ്വത്തവകാശ പരിധിയില്‍പ്പെടും. ഫിഫയില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങാതെ 2022 ഖത്തര്‍ ലോക പ്പുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ ഉപയോഗിക്കുകയോ നിര്‍മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യരുതെന്ന് സംഘാടകര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ brandprotection@fifa.org എന്ന ഇമെയില്‍ ഐഡിയില്‍ അറിയിക്കേണ്ടതാണ്.