ദോഹ: ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഖത്തര്‍ ന്യൂസ് ഏജന്‍സി (ക്യു.എന്‍.എ.) ഹാക്ക് ചെയ്തതിന് പിന്നില്‍ ചില അയല്‍രാജ്യങ്ങള്‍ ഉത്തരവാദികളാണെന്ന് ഖത്തര്‍.

അറ്റോര്‍ണി ജനറല്‍ അലി ബിന്‍ ഫെത്തെയ്‌സ് അല്‍മാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉപരോധത്തിന് ഉത്തരവാദികളായ ചില രാജ്യങ്ങളില്‍ നിന്നാണ് സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉപരോധ രാജ്യങ്ങളില്‍നിന്നുള്ള ഐ ഫോണ്‍ ഹാക്കിങ്ങിനായി ഉപയോഗിച്ചതായി തെളിവുകളുണ്ടെന്നും അല്‍മാരി പറഞ്ഞു. ഉപരോധരാജ്യങ്ങള്‍ക്ക് നേര്‍ക്ക് മതിയായ തെളിവുകള്‍ കൈവശമുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും ഏത് രാജ്യമാണെന്നത് വെളിപ്പെടുത്താന്‍ അല്‍മാരി തയ്യാറായില്ല. അയല്‍രാജ്യങ്ങള്‍ എന്നുമാത്രമാണ് അദ്ദേഹം വ്യക്തമാക്കിയത്.

തെളിവുകളെല്ലാം അന്തിമമായി സ്ഥിരീകരിക്കപ്പെടേണ്ടതുന്നുണ്ടെന്നും അല്‍മാരി പറഞ്ഞു. സാധാരണ ഇത്തരം കേസുകളില്‍ കുറ്റംനടന്ന രാജ്യവുമായി ബന്ധപ്പെട്ട് ഹാക്കര്‍മാരെക്കുറിച്ച് വിവരങ്ങള്‍ തേടുകയാണ് പതിവ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വിവരങ്ങള്‍ നല്‍കാന്‍ രാജ്യങ്ങള്‍ തയ്യാറാകില്ല. ഇത്തരം സാഹചര്യങ്ങളില്‍ അന്താരാഷ്ട്ര സഹകരണം അനിവാര്യമാണ്. അന്തിമ ഫലം ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിന് ഒന്നും ഒളിക്കാനില്ലെന്നും അന്വേഷണം സുതാര്യമാണെന്നും എല്ലാകാര്യങ്ങളും മാധ്യമങ്ങളെ അറിയിക്കുമെന്നും അല്‍മാരി പറഞ്ഞു. ഉപരോധ രാജ്യങ്ങള്‍ പുറത്തിറക്കിയ ഭീകരപട്ടികയെക്കുറിച്ചുള്ള ചോദ്യത്തിന് ഭീകരപട്ടികയില്‍ ഉള്ള ചിലര്‍ക്ക് ഖത്തറുമായി ഒരു ബന്ധവുമില്ലാത്തവരാണെന്നും അദ്ദേഹം മറുപടി നല്‍കി.

മേയ് 24നാണ് ക്യു.എന്‍.എ.യുടെ വെബ്‌സൈറ്റും ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്തത്. ഹാക്കര്‍മാര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ക്യു.എന്‍.എ.യില്‍ ഹാക്കര്‍മാര്‍ പ്രസിദ്ധീകരിച്ച സന്ദേശങ്ങള്‍ ഖത്തര്‍ നിഷേധിക്കുകയും വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി അറിയിക്കുകയും ചെയ്തിരുന്നു.
 
സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വകുപ്പിന്റെ നേതൃത്വത്തില്‍ അമേരിക്കയുടെ ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോയുടേയും യു.കെ. യുടേയും സഹകരണത്തിലാണ് അന്വേഷണം നടക്കുന്നത്. പബ്ലിക് പ്രോസിക്യൂഷന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അമീറിന്റെ പേരിലുള്ള വ്യാജ സന്ദേശം ഹാക്കര്‍മാര്‍ ഒരു മാസം മുമ്പേ (ഏപ്രില്‍ 21ന്) വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറി ഇന്‍സ്റ്റാള്‍ ചെയ്തിരുന്നതായി നേരത്തെ പുറത്തുവിട്ട അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അമീറിന്റെ പേരില്‍ നടത്തിയ സന്ദേശങ്ങള്‍ വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നും ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫീസും വിദേശമന്ത്രാലയവും വ്യക്തമാക്കിയിരുന്നു.