ദോഹ: വിശ്വകലാവേദിയുടെ അഞ്ചാമത് വാര്‍ഷികവും ഓണം-ഈദ് ആഘോഷവും ഓഗസ്റ്റ് 25ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലെ (ഐ.സി.സി.) അശോക ഹാളില്‍ നടക്കും.

വൈകിട്ട് നാലരയ്ക്ക് ഐ.സി.സി. മുന്‍ പ്രസിഡന്റ് ഗിരീഷ്‌കുമാര്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 
പ്രവാസിക്ഷേമനിധിബോര്‍ഡംഗം കെ.കെ.ശങ്കരന്‍, സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ റൗഫ് കൊണ്ടോട്ടി എന്നിവര്‍ പങ്കെടുക്കും. പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രവാസിക്ഷേമപെന്‍ഷന്‍ ആനുകൂല്യങ്ങളെക്കുറിച്ചും ബോധവത്കരണക്ലാസും നടത്തും.

ശാസ്ത്രീയനൃത്തം, സിനിമാറ്റിക് ഡാന്‍സ്, വില്ലുപാട്ട്, തല്‍സമയ ഓര്‍ക്കസ്ട്ര തുടങ്ങി വിവിധ കലാപരിപാടികളും നടക്കും. വിശ്വകലാവേദി പ്രസിഡന്റ് വിപിന്‍ ദാസ്, സെക്രട്ടറി വദനേഷ്, ശിവപ്രസാദ്, സുനില്‍ മാത്തൂര്‍, അനില്‍ മാത്തൂര്‍, വിഷ്ണു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.