ദോഹ: വിസ, പാസ്‌പോര്‍ട്ട് ഓഫീസ് ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (ഗപാഖ്) കേരള നിയമസഭ സ്​പീക്കര്‍ പി. ശ്രീരാമകൃഷ്ണന് നിവേദനം നല്‍കി.

ഹ്രസ്വ സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ സ്​പീക്കര്‍ക്ക് സൗജന്യ ഓണ്‍ അറൈവല്‍ വിസ സംവിധാനത്തിന്റെ ആനുകൂല്യത്തില്‍ ഖത്തറിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് കേരളത്തിലെ വിമാനത്താവളങ്ങളില്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക, കേരളത്തിലെ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള മലപ്പുറം ജില്ലയിലെ പാസ്‌പോര്‍ട്ട് ഓഫീസ് പൂട്ടാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഗപാഖ് നിവേദനം നല്‍കിയത്.
 
നിലവില്‍ കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളും മാഹിയും പ്രവര്‍ത്തന പരിധിയുള്ള പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് മലപ്പുറം ജില്ലകൂടി ലയിപ്പിക്കുന്നതോടെ പാസ്‌പോര്‍ട്ട് സംബന്ധമായ വിഷയങ്ങളില്‍ വലിയ പ്രതിസസി സൃഷ്ടിക്കുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിസ പ്രശ്‌നം അടിയന്തരമായി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സ്​പീക്കര്‍ ഉറപ്പ് നല്‍കിയതായി ഗപാഖ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഫരീദ് തിക്കോടി, അഹമ്മദ് കുട്ടി അര്‍ളയില്‍, കെ.കെ. ശങ്കരന്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സി.പി. ഷാനവാസ്, ഗഫൂര്‍ കോഴിക്കോട്, അമീന്‍ കൊടിയത്തൂര്‍, അബ്ദുല്‍ ലത്തീഫ് നല്ലളം എന്നിവരാണ് നിവേദന സംഘത്തിലുണ്ടായിരുന്നത്.