ദോഹ: പ്രാദേശിക വിപണിക്ക് ആവശ്യമായ ഇറച്ചി വിതരണം ചെയ്യുന്നുണ്ടെന്ന് വിദാം അധികൃതര്‍. ഉപരോധം തുടരുമ്പോഴും വിപണിയിലേക്കാവശ്യമായ ഇറച്ചി വിതരണം സുഗമമായി നടക്കുന്നുണ്ട്. പുതിയ രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ ഇറച്ചി ഇറക്കുമതിചെയ്യാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ ഏറ്റവും വലിയ റെഡ് മീറ്റ് വിതരണക്കാരായ വിദാം ഫുഡ് കമ്പനി.
 
വിപണിയിലേക്കാവശ്യമായ 90 ശതമാനം ഇറച്ചിയും വിതരണം ചെയ്യുന്നത് വിദാമാണ്. പ്രാദേശിക വിപണിയുടെ ആവശ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ വിപണിയില്‍നിന്ന് കൂടുതല്‍ ഇറച്ചി ഇറക്കുമതി ചെയ്യാന്‍ തയ്യാറെടുക്കുന്നത്.

ന്യൂസീലന്‍ഡ്, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇറച്ചി ഇറക്കുമതിക്കുള്ള തയ്യാറെടുപ്പിലാണെന്ന് വിദാം സി.ഇ.ഒ. അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖയാറിന്‍ പറഞ്ഞു.
 
മെഡ് ഫുഡ് പ്രദര്‍ശനത്തോട് അനുബന്ധിച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ പുതിയ വിപണിയില്‍നിന്ന് ഇറച്ചി ഇറക്കുമതി ചെയ്യും. നിലവില്‍ ഓസ്‌ട്രേലിയ, പാകിസ്താന്‍, സൊമാലിയ എന്നിവിടങ്ങളില്‍നിന്നുള്ള അറബ് ചെമ്മരിയാടുകള്‍, പശുക്കള്‍; ഇന്ത്യ, സുഡാന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറച്ചിയുമൊക്കെയാണ് വിദാം വിതരണം ചെയ്യുന്നത്.

നിലവില്‍ രാജ്യത്ത് വിദാമിന് 30 ശാഖകളാണുള്ളത്. കൂടുതല്‍ ശാഖ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ നടപടികളിലേക്ക് മികച്ച സംഭാവന നല്‍കാനുള്ള തയ്യാറെടുപ്പിലാണ് വിദാം. ഉപരോധം ഇറച്ചിവിപണിയെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
 
സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ബലിപെരുന്നാളിന് പൗരന്മാര്‍ക്ക് സബ്‌സിഡി ഇനത്തില്‍ ചെമ്മരിയാടുകളെ വിതരണം ചെയ്തതും വിദാമാണ്. രാജ്യത്ത് ആദ്യമായി ഒട്ടകങ്ങളെ കശാപ്പ് ചെയ്യുന്നതിനായി കഴിഞ്ഞവര്‍ഷം സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പുതിയ അറവുശാലയും വിദാം ആരംഭിച്ചിരുന്നു.