ദോഹ: പരിശീലനപ്പറക്കലിനിടെ ഖത്തറിന്റെ രണ്ടു സൈനിക വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഇരു പൈലറ്റുമാരും വിമാനത്തില്‍നിന്ന് സുരക്ഷിതമായി പുറത്തുകടന്നതായും ആളപായമോ പരിക്കോ ഇല്ലെന്നും ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. എന്നാല്‍, സംഭവം നടന്ന സ്ഥലമോ സമയമോ അധികൃതര്‍ വെളിപ്പെടുത്തിയില്ല.

ഖത്തറില്‍ നടന്ന അപകടത്തെക്കുറിച്ച് അറിയാമെങ്കിലും ഇത് വരെ ഖത്തര്‍ ഔദ്യോഗികമായി സഹായമൊന്നും ആവശ്യപ്പെട്ടിട്ടില്ല എന്ന് യു.എസ് എയര്‍ഫോഴ്സ് സെന്‍ട്രല്‍ കമാന്റിലെ ലെഫ്റ്റനന്റ് കേണല്‍ ക്രിസ്റ്റീന്‍ ഡി മില്ലറ്റ് അറിയിച്ചു

പരിശീലനത്തിനിടെ രണ്ട് സൈനിക വിമാനങ്ങള്‍ കൂട്ടിയിടിച്ചെന്നും പൈലറ്റുമാര്‍ ഇജക്ഷന്‍ സീറ്റ് ഉപയോഗിച്ച് സുരക്ഷിതമായി പുറത്തിറങ്ങിയെന്നുമാണ് മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചത്. ഏതു തരം വിമാനമാണ് അപകടത്തില്‍പെട്ടതെന്നു വെളിപ്പെടുത്താനും അധികൃതര്‍ തയ്യാറായില്ല. യു.എസ് സൈനിക പരിശീല കേന്ദ്രവും കമാന്‍ഡര്‍മാരും സ്ഥിതി ചെയ്യുന്ന സൈനിക താവളമായ അല്‍ ഹുദൈദിന് സമീപമാണ് അപകടം നടന്നത്. ഖത്തറിനെതിരേ അയല്‍ രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയ ശേഷം 30 ബില്യണ്‍ ഡോളര്‍ ആണ് സൈനിക കാര്യങ്ങള്‍ക്കായി ഖത്തര്‍ ചിലവഴിച്ചത്.