ദോഹ: എട്ടാമത് ദക്ഷിണേന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര പുരസ്‌കാര(സൈമ) വിതരണ ചടങ്ങില്‍ സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലും ചിരഞ്ജീവിയും വിശിഷ്ടാതിഥികളായി എത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓഗസ്റ്റ് 15, 16 തീയതികളിലാണ് 200 ഓളം ദക്ഷിണേന്ത്യന്‍ താരങ്ങള്‍ അതിഥികളായെത്തുന്ന പുരസ്‌കാരദാന ചടങ്ങ് നടക്കുക. 8000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലുസൈല്‍ ഇന്‍ഡോര്‍ അരീനയിലാണ് ഷോ നടക്കുക.  89.6 വണ്‍ എഫ്എമ്മിന്റെ സഹകരണത്തോടെയാണ് പാന്റലൂണ്‍സ് സൗത്ത് ഇന്റര്‍നാഷനല്‍ മൂവീ അവാര്‍ഡ്സ് സംഘടിപ്പിക്കുന്നത്. 

ഇന്ത്യ-ഖത്തര്‍ സാംസ്‌കാരിക വര്‍ഷം ആയതിനാലാണ് ഇത്തവണ ഖത്തറില്‍ പുരസ്‌കാരനിശ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. 50 വിഭാഗങ്ങളിലായി നൂറു പുരസ്‌കാരങ്ങളാണ് സമ്മാനിക്കുന്നത്. 

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ നാലു ഭാഷകളിലെ മികവിനുള്ള പുരസ്‌കാരങ്ങളാണ് രണ്ടു  ദിവസങ്ങളായി നല്‍കുന്നത്. ആഗസ്ത് 15ന് കന്നഡ, തെലുഗു ഭാഷകളും ആഗസ്ത് 16ന് മലയാളം തമിഴ് ഭാഷകളുമായിരിക്കും. 600ഓളം അതിഥികളാണ് പരിപാടിയുടെ ഭാഗമായി ഖത്തറിലെത്തുക. 120 ഓളം രാജ്യങ്ങളില്‍ സൈമ അവാര്‍ഡ്സ് സംപ്രേക്ഷണം ചെയ്യും. ഓരോ വര്‍ഷവും സോഷ്യല്‍ മീഡിയയില്‍ 1.5 ബില്ല്യന്‍ പേരാണ് ചടങ്ങ് വീക്ഷിക്കാറുള്ളത്. 

മലയാളത്തില്‍ നിന്ന് പ്രിഥ്വിരാജ്, ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, സാനിയ ഇയ്യപ്പന്‍, വിജയ് യേശുദാസ്, സിതാര, തമിഴില്‍ നിന്ന് അനിരുധ്, ധനുഷ്, ത്രിഷ, ഐശ്വര്യ രാജേഷ്, ജയം രവി, കുശ്ബൂ സുന്ദര്‍, ശരത് കുമാര്‍, രാഥിക ശരത് കുമാര്‍, മിര്‍ച്ചി ശിവ തുടങ്ങിയ താരങ്ങള്‍ പരിപാടിയില്‍ സംബന്ധിക്കും. 

ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ള പുരസ്‌കാര നിശയാണ്  സൈമ. 
വിദേശ രാജ്യങ്ങളിലാണ് സൈമ പുരസ്‌കാര നിശ നടക്കാറുള്ളത്. ദോഹയില്‍ ഇതാദ്യമായാണ് സൈമ അവാര്‍ഡ് ദാന ചടങ്ങിന് വേദിയൊരുങ്ങുന്നത്. 50 മുതല്‍ 300 റിയാല്‍വരെയാണ് ടിക്കറ്റ് നിരക്ക്. aynatickets.comല്‍ ഓണ്‍ലൈനായി ടിക്കറ്റുകള്‍ ലഭിക്കും.

മശാല്‍ ശാബിക്(ക്യുഎന്‍ടിസി), വിഷ്ണു ഇന്ദൂരി(സൈമ ഉടമ), നവീദ് അബ്ദുല്ല(സിഇഒ വണ്‍ എഫ്എം ഖത്തര്‍), ജാസിം മുഹമ്മദ്(സിസിഒ വണ്‍ എഫ്എം ഖത്തര്‍), ഡോ.ആര്‍ സീതാരാമന്‍ (സിഇഒ ദോഹ ബാങ്ക്), മേദത് ഗ്രീസ്(ജനറല്‍ മാനേജര്‍ തൈസീര്‍ മോട്ടോഴ്സ്), വാസിം ദാഗെ(ജനറല്‍ മാനേജര്‍ ഡബ്ല്യു ദോഹ), നടിമാരായ ആന്ഡ്രിയ ജെറമി, മാന്‍വി ഹരീഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.