ദോഹ: ഗ്രാമി അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ട പ്രമുഖ സിതാര്‍ വിദഗ്ധന്‍ ശുജാഅത്ത് ഹുസൈന്‍ ഖാന്‍ ഖത്തറിലെത്തി. ഇന്ന്  വൈകീട്ട് 7 മണിക്ക്  (ഒക്ടോബര്‍ 18) കത്താറ ഡ്രാമ തിയേറ്ററില്‍ നടക്കുന്ന സംഗീതമേളയില്‍ ശുജാഅത്ത് ഹുസൈന്‍ ഖാന്‍ പരിപാടി അവതരിപ്പിക്കും. ഇന്ത്യന്‍ എംബസി ഐസിസി അഡ്വൈസറി കൗണ്‍സിലുമായി സഹകരിച്ചാണ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. 

മൂന്നാം വയസ്സില്‍ സിതാര്‍ പരിശീലനം ആരംഭിച്ച ശുജാഅത്ത് ഹുസൈന്‍ ആറാം വയസ്സില്‍ തന്നെ പൊതുവേദികളില്‍ സിതാര്‍ വായിച്ചു തുടങ്ങിയിരുന്നു. ഇന്ത്യയില്‍ നടക്കുന്ന പ്രധാന സംഗീതമേളകളിലും ഏഷ്യ, ആഫ്രിക്ക, നോര്‍ത്ത് അമേരിക്ക, യൂറോപ്പ് മേഖലകളിലെ വിവിധ രാജ്യങ്ങളിലും സംഗീത പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. പ്രത്യേക ശൈലിയിലുള്ള അദ്ദേഹത്തിന്റെ സിതാര്‍ വായനയും മനോഹരമായ ശബ്ദവും പതിനായിരങ്ങളെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. 

ഇന്ത്യ-ഖത്തര്‍ സാംസ്‌കാരിക വര്‍ഷത്തോടനുബന്ധിച്ച് ശുജാഅത്ത് ഹുസൈനെപ്പോലുള്ള മഹാനായ ഒരു കലാകാരനെ ഖത്തറില്‍ എത്തിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അംബാസഡര്‍ പി കുമരന്‍ പറഞ്ഞു. പരിപാടി വിജയിക്കാനാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് ഐസിസി അഡൈ്വസറി  കൗണ്‍സില്‍ ചെയര്‍മാന്‍ കെ.എം.വര്‍ഗീസ് പറഞ്ഞു.