ദോഹ: രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് മേളയായ ഷോപ്പ് ഖത്തറിന്റെ ആദ്യ ആഴ്ചയിലെ നറുക്കെടുപ്പില്‍ പതിനഞ്ച് പേര്‍ വിജയികളായി.

മാള്‍ ഓഫ് ഖത്തറില്‍ നടന്ന നറുക്കെടുപ്പില്‍ അഞ്ച് ലക്ഷം റിയാലിന്റെ കാഷ് പ്രൈസുകളും രണ്ട് ബി.എം.ഡബ്‌ള്യു. കാറുമാണ് സമ്മാനമായി നല്‍കിയത്.

ജനുവരി ഏഴിന് ആരംഭിച്ച ഷോപ്പ് ഖത്തറിന്റെ ആദ്യ നറുക്കെടുപ്പില്‍ 25,000 വൗച്ചറുകളാണുള്ളത്. രാജ്യത്തെ പതിമ്മൂന്ന് മാളുകളിലായാണ് ഷോപ്പ് ഖത്തര്‍ മേള നടക്കുന്നത്.

200 റിയാലിന് മുകളില്‍ പര്‍ച്ചേസ് നടത്തുന്നവര്‍ക്കാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം. മൂന്ന് നറുക്കെടുപ്പുകളാണ് അവശേഷിക്കുന്നത്.

രണ്ട് കാറുകളും പതിനായിരം മുതല്‍ ഒരുലക്ഷം റിയാല്‍ വരെയുള്ള കാഷ് പ്രൈസുകളുമാണ് അടുത്ത മൂന്ന് വാരാന്ത്യങ്ങളിലെ നറുക്കെടുപ്പ് വിജയികള്‍ക്ക് ലഭിക്കുന്നത്.

ജനുവരി പതിനെട്ടിന് തവാര്‍ മാളിലും 25-ന് ദാര്‍ അല്‍ സലാം മാളിലുമാണ് നറുക്കെടുപ്പ്. അന്തിമ നറുക്കെടുപ്പ് മേളയുടെ സമാപന ദിവസമായ ഫെബ്രുവരി എട്ടിന് ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ നടക്കും. ലബനീസ് ഗായകന്‍ റാമി അയാച്ചിന്റെ പ്രത്യേക സംഗീത പരിപാടിയോടെയാണ് സമാപനം.