ദോഹ മോഡേണ്‍ കാര്‍ടന്‍ ഫാക്ടറിയിലെ 25 വര്‍ഷത്തെ സേവനത്തിന് ശേഷം പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ട) യുടെ സ്ഥാപക അംഗവും, മുന്‍ വൈസ് പ്രസിഡന്റും, ദോഹയിലെ സാമുഹിക സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യമായ മാന്നാര്‍ അജിത് പ്രഭയ്ക്കു ഫ്രണ്ട്‌സ് ഓഫ് തിരുവല്ല യാത്രയയപ്പ് നല്‍കി.

2003 ല്‍ ദോഹ പാലസ് ഹോട്ടലില്‍ കൂടിയ ഫോട്ട രൂപീകരണ യോഗത്തില്‍ വെച്ച് അഡ്‌ഹോക്ക് കമ്മിറ്റി അംഗമാവുകയും, 2004 ല്‍ ഫോട്ട മാനേജിംഗ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഫോട്ടയുടെ വൈസ് പ്രസിഡന്റായി. ഖത്തര്‍ ഇന്‍കാസിന്റെ സ്ഥാപകഅംഗവും, സെന്‍ട്രല്‍ കമ്മിറ്റി അംഗവും ആയിരുന്നു.

ഭാര്യ മിനി അജിത് പ്രഭ ഫോട്ടാ വനിതാവിഭാഗം പ്രവര്‍ത്തകയും, ദോഹ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപകയും കൂടിയായിരുന്നു. ഫോട്ട പ്രസിഡന്റ് ജിജി ജോണ്‍ അധ്യഷത വഹിച്ച് യാത്രയയപ്പ് ചടങ്ങില്‍ റജി കെ ബേബി സ്വാഗതവും, തോമസ് കുര്യന്‍ നന്ദിയും പറഞ്ഞു. കുരുവിള കെ ജോര്‍ജ്, അനീഷ് ജോര്‍ജ് മാത്യു എന്നിവര്‍ സംസാരിച്ചു. ഫോട്ട പ്രസിഡന്റ് ജിജി ജോണ്‍ ഉപഹാരം സമര്‍പിച്ചു. അജിത് പ്രഭാ തങ്ങള്‍ക്കു നല്‍കിയ യാത്രയപ്പിന് നന്ദി രേഖപ്പെടുത്തി.