ദോഹ: രാജ്യത്തിന്റെ സമുദ്രരഹസ്യങ്ങളും നിഗൂഢതകളും സമുദ്ര സമ്പത്തിനേയുംകുറിച്ച് അറിയാന്‍ ലക്ഷ്യമിട്ടുള്ള ഗവേഷണത്തിന്റെ നൂതന പഞ്ചവത്സര പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി.

സമുദ്രത്തിന്റെ അന്തര്‍ ഭാഗങ്ങളിലെ രഹസ്യങ്ങള്‍ മനസ്സിലാക്കാനും സമുദ്ര സമ്പത്തിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനും പദ്ധതി സഹായകമാണ്. ഖത്തര്‍ മ്യൂസിയത്തിന്റെയും ഖത്തര്‍ സര്‍വകലാശാലയുടേയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി.

കാനഡയിലെ യോര്‍ക്ക് സര്‍വകലാശാലയും ഇറ്റാലിയന്‍ സാംസ്‌കാരിക മന്ത്രാലയവും പദ്ധതിയിലെ പങ്കാളികളാണ്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സമുദ്രത്തിന്റെ പൗരാണിക സ്വഭാവങ്ങളാണ് പഠനവിധേയമാക്കിയത്.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ രാജ്യത്തിന്റെ പഴയ വ്യാപാര വാണിജ്യ കേന്ദ്രമായിരുന്ന അല്‍ സുബാറയിലെ കടലിലാണ് രണ്ടാംഘട്ട സര്‍വേ നടത്തുന്നത്.

രാജ്യത്തിന്റെ പുരാതന ചരിത്രത്തിലേയും സാമ്പത്തിക ചരിത്രത്തിലേയും പ്രധാന ഇടമാണ് അല്‍ സുബാറ. റിമോട്ട് സെന്‍സിങ് സാങ്കേതിക വിദ്യയാണ് രണ്ടാം ഘട്ട സര്‍വേയില്‍ ഉപയോഗിക്കുന്നത്. ഖത്തര്‍ സര്‍വകലാശാലയുടെ അത്യാധുനിക ഗവേഷണ കപ്പലായ ജനാനിന്റേയും വേഗ ബോട്ടുകളുടേയും സഹായത്തിലാണ് പഠനം തുടരുന്നത്.

പദ്ധതിയുടെ അന്തിമഘട്ടത്തില്‍ രാജ്യത്തിന്റെ സമുദ്രത്തിനടിയിലെ രഹസ്യങ്ങളും പൗരാണിക കേന്ദ്രങ്ങളെയും കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഗവേഷകര്‍ തയ്യാറാക്കും. പൊതുജനങ്ങള്‍ക്ക് കൂടി ഇവയുടെ ലൊക്കേഷന്‍ ഭൂപടം ലഭ്യമാക്കാന്‍ പറ്റുമോയെന്നതും പരിശോധിക്കുന്നുണ്ട്.

കൂടാതെ റിമോട്ട് സെന്‍സര്‍ സാങ്കേതിക വിദ്യയിലൂടെ വെള്ളത്തിനടിയിലെ സാംസ്‌കാരിക, പൈതൃക കേന്ദ്രങ്ങളുടെ ഡിജിറ്റല്‍ രേഖ തയ്യാറാക്കുന്നതും പദ്ധതിയിലുണ്ട്. രാജ്യത്തിന്റെ സമുദ്രപരമായ പ്രത്യേകതകള്‍ ഗവേഷണത്തിന് കൂടുതല്‍ സഹായമാകും.

മീനുകള്‍, കടല്‍പ്പന്നികള്‍, മറ്റ് ജല ജീവികള്‍, പവിഴപ്പുറ്റുകള്‍ എന്നിവയെല്ലാം പഠനവിധേയമാക്കും. സമുദ്രയാന പൈതൃകമുള്ള രാജ്യത്തിന്റെ ഭൂതകാലത്തെ ഭാവിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.