ദോഹ: ലോകത്തിന് മാതൃകയായിരുന്ന നമ്മുടെ രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വമെന്ന ഗുണം ഇന്ന് അന്ത്യശ്വാസം വലിച്ചു കൊണ്ടിരിക്കുകയാണെന്നും അത് തകര്‍ന്ന് പോകാതെ കാത്ത് സൂക്ഷിക്കേണ്ടത് നമ്മുടെയെല്ലാവരുടെയും ബാധ്യതയാണെന്നും ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ.ജി. എസ്. പ്രദീപ്. ഇന്ത്യയെന്ന രാജ്യത്തിന്റെ ശക്തിയാണ് ഇതിലൂടെ നശിക്കുന്നതെന്നും ജി. എസ്. പ്രദീപ് വ്യക്തമാക്കി. 'മാറ്റം വരുന്നു' എന്ന പ്രമേയത്തില്‍ വക്‌റ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ സമാപിച്ച ദോഹ വിദ്യാര്‍ഥി സമ്മേളനത്തില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളുമായി സഹകരിച്ച് സ്റ്റുഡന്‍സ് ഇന്ത്യയും ഗേള്‍സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ദോഹ വിദ്യാര്‍ഥി സമ്മേളനത്തില്‍ രണ്ടായിരത്തോളം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.

കാലാവസ്ഥാ വ്യതിയാനം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ സാഹചര്യത്തില്‍ തന്നെ ഇത് പ്രമേയമാക്കി സമ്മേളനം സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ഇന്ത്യയെയും ഗേള്‍സ് ഇന്ത്യയെയും അഭിനന്ദിക്കുന്നുവെന്ന് ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ് വ്യക്തമാക്കി. പ്രകൃതി ചൂഷണത്തിനെതിരെ പ്രകൃതി സംരക്ഷണവും വിദ്വേഷത്തിനെതിരെ സാഹോദര്യവുമായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും നാളെയുടെ തലമുറക്ക് ജീവിക്കാന്‍ ഇവ രണ്ടും അനിവാര്യമാണെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

നിലവിലെ ലോകസാഹചര്യത്തില്‍, വര്‍ഗീയതയും വംശീയതയും കൊടികുത്തിവാഴുന്ന സമയത്ത് മാറ്റം വരുന്നുവെന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ദോഹ വിദ്യാര്‍ഥി സമ്മേളനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് ക്വില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.കെ. സുഹൈല്‍ അഭിപ്രായപ്പെട്ടു. സങ്കുചിതമായ ദേശീയതാവാദങ്ങള്‍ അപകടകരമാണെന്നും ഇത് രാജ്യത്തിന്റെ ഭാവി തന്നെ അലങ്കോലമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമ്മേളനത്തില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനുഷികമായ വിഷയങ്ങളില്‍ മുന്നിട്ടിറങ്ങിയവരെ മാത്രമേ ലോകം ആദരിക്കുകയുള്ളൂവെന്നും ലോകത്ത് വിവിധ സമൂഹങ്ങള്‍ തങ്ങളുടെ സുവര്‍ണകാലത്ത് ലോകത്തിന് നല്‍കിയ സംഭാവനകളാണ് പിന്നീട് ലോകത്തിന്റെ ഭാവിയെ നിര്‍ണയിച്ചതെന്നും ക്വില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

ഖത്തര്‍ ചാരിറ്റി ചീഫ് ഗവേണന്‍സ് ഓഫീസറും ഡി. ഐ. സി. ഐ. ഡി. ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ മുഹമ്മദ് അല്‍ ഗാമിദി സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റുഡന്‍സ് ഇന്ത്യാ പ്രസിഡന്റ് ഫായിസ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ അലസത വെടിഞ്ഞ് പ്രകൃതി ചൂഷണത്തിനെതിരെ ശബ്ദിക്കുന്നവരും പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി  പ്രവര്‍ത്തിക്കുന്നവരുമാകണമെന്ന്  ഫാഇസ് ഓര്‍മിപ്പിച്ചു. ഗേള്‍സ് ഇന്ത്യ പ്രസിഡന്റ് ഫരീഹ അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞു. 

സേവ് ദ ഡ്രീം എക്‌സിക്യൂട്ടീവ് ഡയറക്ടറും ഐക്യരാഷ്ട്രസഭ മുന്‍ ഉദ്യോഗസ്ഥനുമായ മസിമിലിയാനോ മൊണ്ടനാരി, സ്റ്റുഡന്‍സ് ഇന്ത്യാ രക്ഷാധികാരി കെ സി അബ്ദുല്ലത്തീഫ്, യൂത്ത് ഫോറം പ്രസിഡന്റ് ജംഷീദ് ഇബ്‌റാഹിം എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സമി യൂസുഫിന്റെ സംഗീത സംഘത്തിലെ മലയാളി സാന്നിദ്ധ്യമായ നാദിര്‍ അബ്ദുസ്സലാം ഗാനമാലപിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ഫോട്ടോഗ്രഫി, എക്‌സിബിഷന്‍ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണവും വേദിയില്‍ നടത്തി. ദോഹ വിദ്യാര്‍ഥി സമ്മേളനം ജനറല്‍ കണ്‍വീനര്‍ തൌഫീഖ് കെ.പി. നന്ദി രേഖപ്പെടുത്തി.