ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ 12-മത് ബുക്ക് ടെസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കു ഖത്തറില്‍ തുടക്കമായി. സമൂഹത്തെ വായനയിലേക്ക് വഴി നടത്തുക, പ്രവാചകര്‍ മുഹമ്മദ് നബിയെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ നടത്തുന്ന ബുക്ക് ടെസ്റ്റ് ആഗോളാടിസ്ഥാനത്തില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.

ജനറല്‍, സീനിയര്‍, ജൂനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് ഈ വര്‍ഷത്തെ ബുക്ക് ടെസ്റ്റ് സംവിധാനം ചെയ്തിരിക്കുന്നത്. ജനറല്‍ വിഭാഗത്തിനായി ഡോ.സക്കീര്‍ ഹുസൈന്‍ രചിച്ച 'പ്രവാചകരുടെ മദീന' എന്ന പുസ്തകവും വിദ്യാര്‍ത്ഥികള്‍ക്കായി (സീനിയര്‍, ജൂനിയര്‍) ഫിറോസ് കളരിക്കല്‍ രചിച്ച 'ഷാഡോസ് ഓഫ് ഗ്ലോറി' എന്ന പുസ്തകവുമാണ് ഇത്തവണ വായനക്കാരിലേക്ക് എത്തുന്നത്.

ഫൈനല്‍ പരീക്ഷയില്‍ ജനറല്‍ വിഭാഗത്തില്‍ ഒന്ന്, രണ്ട് സ്ഥാനക്കാര്‍ക്ക് യഥാക്രമം 50000, 25000 രൂപ വീതവും വിദ്യാര്‍ത്ഥികള്‍ക്ക് 10000, 5000 രൂപ വീതവുമാണ് സമ്മാനം. www.rsconline.orgഎന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടതും പരീക്ഷയെ അഭിമുഖീകരിക്കേണ്ടതും. ഖത്തറില്‍ നടക്കുന്ന ബുക്ക് ടെസ്റ്റ് വിശദ വിവരങ്ങള്‍ക്ക് 30901036, 55762823 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ബുക്ക് ടെസ്റ്റ് ജനറല്‍ പുസ്തകം ഖത്തര്‍ നാഷണല്‍ തല പ്രകാശനം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ മാസ്റ്റര്‍ ഐസിഎഫ് ഖത്തര്‍ നാഷണല്‍ പ്രസിഡന്റ് അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ക്ക് നല്‍കിക്കൊണ്ടും സ്റ്റുഡന്റ്‌സ് പുസ്തകം ഐസിഎഫ് ഗള്‍ഫ് കൗണ്‍സില്‍ സെക്രട്ടറി നിസാര്‍ സഖാഫി ഐസിഎഫ് ജനറല്‍ സെക്രട്ടറി ബഷീര്‍ പുത്തൂപ്പാടത്തിന് നല്‍കി നിര്‍വഹിച്ചു.