ദോഹ: രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ (ക്യു.എന്‍.എ.) വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി.) രാജ്യത്തെ മന്ത്രിസഭയ്ക്ക് പങ്കുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫെത്തിയാസ് അല്‍ മാരി പറഞ്ഞു.

അല്‍ ജസീറയുടെ ചാനല്‍ പരിപാടിയായ ബില ഹുദുദില്‍ പങ്കെടുക്കവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹാക്കിങ് അന്വേഷണം പൂര്‍ത്തിയായശേഷം കുറ്റകൃത്യത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
 
ഖത്തറിനുമേലുള്ള ഉപരോധം നിയമ വിരുദ്ധമാണ്. ക്യു.എന്‍.എ. ഹാക്കിങ് പൂര്‍ണതോതിലുള്ള കുറ്റകൃത്യമാണെന്നും അന്താരാഷ്ട്ര നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ഉപരോധത്തിന്റെ തുടക്കംമുതല്‍ പൗരന്മാരില്‍നിന്നും താമസക്കാരില്‍ നിന്നുമുള്ള പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. രാജ്യത്തെ സംബന്ധിച്ചും വ്യക്തികളെ സംബന്ധിച്ചും രണ്ട് തരത്തിലാണ് കേസുകള്‍ വിഭജിച്ചിരിക്കുന്നത്. രാജ്യത്തെ സംബന്ധിച്ചുള്ള കേസുകള്‍ വ്യോമ, അന്താരാഷ്ട്ര വ്യാപാര സംഘടനകള്‍ക്കും വ്യക്തികളുടെ കേസുകള്‍ അന്താരാഷ്ട്ര കോടതികള്‍ക്കും സമര്‍പ്പിക്കും.

തീവ്രവാദത്തിനെതിരേ പോരാടാന്‍ അമേരിക്കയുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ പട്ടികയിലുള്ള നാലുപേര്‍ നിലവില്‍ ജയിലിലാണെന്നും അദ്ദേഹം പറഞ്ഞു.