ദോഹ: കാട് മാത്രമല്ല മരുഭൂമിയും ഒരു മികച്ച ആവാസ വ്യവസ്ഥയാണെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹമീദലി വാഴക്കാട് അഭിപ്രായപ്പെട്ടു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ഖത്തര്‍ ഇന്ത്യന്‍ സ്റ്റുഡന്റസ് ക്ലബ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ അടുത്തറിയാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു.

വി.സി. മശ്ഹൂദ് കുട്ടികള്‍ക്ക് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അബ്ദുല്‍ ലത്തീഫ് നല്ലളം, അസ്ലം മാഹി, ഹനീന്‍ റഊഫ്, ഫിസ റഈഫ് എന്നിവര്‍ സംസാരിച്ചു. ഹെനിന്‍ ഹാഫിസ് സ്വാഗതവും ഹാനി ബിന്‍ റഷീദ് നന്ദിയും പറഞ്ഞു.