ദോഹ. ഓണ്‍ അറൈവല്‍ വിസകളും ഫാമിലി വിസിറ്റ് വിസകളും ആരംഭിച്ചതോടെ ഖത്തറിലേക്ക് സന്ദര്‍ശക പ്രവാഹം തുടരുന്നതായി റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ് കൂടുതല്‍ സന്ദര്‍ശകരെത്തുന്നത്. യൂറോപ്പ്, അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവരും കുറവല്ല.

വാക്സിനെടുത്തവര്‍ക്കാണ് ഖത്തര്‍ ടൂറിസവുമായി ബന്ധപ്പെട്ട സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത്. ഓരോ രാജ്യത്തിന്റേയും കോവിഡ് തീവ്രതയനുസരിച്ച് ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ തരം തിരിച്ച് അനുയോജ്യമായ ക്വാറന്റീന്‍ സംവിധാനങ്ങളോടെയാണ് സന്ദര്‍ശനം അനുവദിക്കുന്നത്.

ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ്, നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങള്‍ സൂപ്പര്‍ റിസ്‌ക് രാജ്യങ്ങളാണ്. എങ്കിലും നിരവധി സന്ദര്‍ശകരാണ് ഇന്ത്യയില്‍ നിന്ന് മാത്രം നിത്യവും ദോഹയിലെത്തുന്നത്.

ജനുവരി 5 ന്റെ അല്‍ ഉല കരാറിനെ തുടര്‍ന്ന് ഗള്‍ഫ് ഉപരോധം അവസാനിച്ചതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരും ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്.

ഖത്തറിലേക്ക് സന്ദര്‍ശക പ്രവാഹം തുടരുന്നത് ഒരു വര്‍ഷത്തിലധികമായി നിര്‍ജീവമായിരുന്ന ഹോസ്പിറ്റാലിറ്റി മേഖലയെ സജീവമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.