ദോഹ: ഖത്തറിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്ന വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കും ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിസാ സെന്ററുകളുടെ (ക്യുവിസി) സേവനം ഉടന്‍ ലഭ്യമാവും. പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്ന വീട്ടുവേലക്കാര്‍ക്കും പൊതുമേഖലയിലെ തൊഴിലാളികള്‍ക്കും തങ്ങളുടെ വിസാ നടപടിക്രമങ്ങള്‍ ക്യുവിസികളില്‍ പൂര്‍ത്തിയാക്കാനുള്ള സംവിധാനം ഉടന്‍ ഒരുങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ വിസാ സപ്പോര്‍ട്ട് സര്‍വീസസ് ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ മേജര്‍ അബ്ദുല്ല ഖലീഫ അല്‍ മുഹന്നദി പറഞ്ഞു. അല്‍റയ്യാന്‍ ടിവിയില്‍ നടന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ വിസാ സെന്ററുകള്‍ സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് മാത്രമായിരുന്നു സേവനം ലഭ്യമാക്കിയത്. തുടര്‍ന്ന് അര്‍ധസര്‍ക്കാര്‍ മേഖലയും ഉള്‍പ്പെടുത്തി. 

നിലവില്‍ തൊഴില്‍ വിസകള്‍ മാത്രമാണ് ക്യുവിസികളിലൂടെ ലഭ്യമാക്കുന്നത്. അടുത്ത ഘട്ടത്തില്‍ കുടുംബ വിസിറ്റ് വിസകളും ക്യുവിസികളിലൂടെ ലഭ്യമാവുമെന്നും അല്‍മുഹന്നദി പറഞ്ഞു. ഖത്തര്‍ വിസാ സെന്ററുകള്‍ ആരംഭിച്ച ശേഷം ഇതിനകം 30,000 വിസകള്‍ ഇത് വഴി ലഭ്യമാക്കിയിട്ടുണ്ട്. 

കേരളത്തില്‍ കൊച്ചിയിലാണ് ക്യുവിസി പ്രവര്‍ത്തിക്കുന്നത്. ഏപ്രിലില്‍ ആണ് ഈ കേന്ദ്രം തുറന്നത്. ന്യൂഡല്‍ഹിയിലാണ് കഴിഞ്ഞ മാര്‍ച്ച് 26ന് ഇന്ത്യയിലെ ആദ്യ ക്യുവിസി തുറന്നത്. ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ലഖ്നോ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലും ക്യുവിസികള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 

ഖത്തറിലേക്ക് പോകുന്ന തൊഴിലാളികളുടെ വിസാ സംബന്ധമായ എല്ലാ നടപടിക്രമങ്ങളും അതത് രാജ്യത്ത് തന്നെ പൂര്‍ത്തിയാക്കാമെന്നതാണ് വിസാ സെന്ററുകളുടെ ഗുണം. തൊഴില്‍ കരാറിന്റെ പൂര്‍ണരൂപം മാതൃഭാഷയില്‍ ലഭ്യമാവുമെന്ന സൗകര്യവുമുണ്ട്.