ദോഹ: ദേശീയ പ്രതിരോധകുത്തിവെപ്പ് കാമ്പയിനിലൂടെ 1,20,000 കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായി പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. മുണ്ടിനീര്, അഞ്ചാംപനി എന്നിവക്കെതിരെയുള്ള ദേശീയ പ്രതിരോധ കുത്തിവെപ്പ് ഒക്ടോബര്‍ 17-നാണ് ആരംഭിച്ചത്. 200 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ 276 സ്‌കൂളുകളിലെ കുട്ടികള്‍ക്കാണ് ഇതിനകം കുത്തിവെപ്പ് നല്‍കിയത്.
 
ഒരു മാസം നീളുന്ന കാമ്പയിനില്‍ 2,94,000 കുട്ടികളെയാണ് ലക്ഷ്യമിടുന്നത്. ഒന്നിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പ്രതിരോധകുത്തിവെപ്പ് നല്‍കുന്നത്. രാജ്യത്ത് അടുത്തിടെ അഞ്ചാംപനി ബാധിച്ച 22 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അതത് സ്‌കൂളുകളില്‍ കുത്തിവെപ്പ് ലഭ്യമാണ്. മറ്റുള്ളവര്‍ക്ക് 20 സ്വകാര്യക്ലിനിക്കുകളിലും രാവിലെയും വൈകിട്ടും രാജ്യത്തെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ഹമദ്‌മെഡിക്കല്‍ കോര്‍പ്പറേഷന്റെ പ്രതിരോധ ക്ലിനിക്കിലും സൗജന്യമായി കുത്തിവെപ്പ് എടുക്കാം. കുത്തിവെപ്പ് എടുക്കുന്നതിനായി മുന്‍കൂട്ടി അനുമതി തേടേണ്ടതില്ല. ഖത്തര്‍ പെട്രോളിയം മെഡിക്കല്‍ സര്‍വീസ്, അല്‍ ഖോര്‍ കമ്യൂണിറ്റി റാസ് ഗ്യാസ്, സിദ്ര മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളിലും കുത്തിവെപ്പ് ലഭ്യമാണ്.

സ്‌കൂളില്‍ പോകാത്ത കുട്ടികള്‍ക്കും കുത്തിവെപ്പ് എടുക്കാന്‍ കഴിയാതെപോയ കുട്ടികള്‍ക്കും എത്രയുംവേഗം കുത്തിവെപ്പ് നല്‍കണമെന്ന് രക്ഷിതാക്കളോട് മന്ത്രാലയം നിര്‍ദേശിച്ചു. പ്രതിരോധകുത്തിവെപ്പ് നല്‍കുന്നതില്‍ ഗുണനിലവാരത്തിലും ഭരണനിര്‍വഹണത്തിലും ഉയര്‍ന്നനിലവാരം പുലര്‍ത്തുന്നുണ്ടെന്നും മന്ത്രാലയം ഉറപ്പുനല്‍കി. അഞ്ചാംപനിയും മുണ്ടിനീരും 2022-ഓടെ രാജ്യത്ത് നിന്നും പൂര്‍ണമായി തുടച്ചുനീക്കുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമാണ് കാമ്പയിന്‍. ലോകാരോഗ്യസംഘടനയുടെ നിര്‍ദേശപ്രകാരമാണിത്.

രാജ്യത്തെ പ്രതിരോധകുത്തിവെപ്പ് ഷെഡ്യൂള്‍ പ്രകാരം കുട്ടികള്‍ക്ക് 12-ാമത്തെയും 18-ാമത്തെയും മാസം കുത്തിവെപ്പ് നല്‍കണം. ഏതാനും കുട്ടികളില്‍ ഒന്നോ രണ്ടോ ഡോസിലൂടെ മതിയായ പ്രതിരോധശേഷി ലഭിക്കണമെന്നില്ല. അതുകൊണ്ട് മൂന്നാമത്തെ കുത്തിവെപ്പ് പ്രധാനമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

പ്രതിരോധകുത്തിവെപ്പ് നല്‍കിയതുകൊണ്ട് ഒരുതരത്തിലുള്ള വിപരീതഫലവും ഇതുവരെയും എവിടെനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൗരന്മാരെ കൂടാതെ പ്രവാസികളും കുട്ടികള്‍ക്ക് പ്രതിരോധകുത്തിവെപ്പ് നല്‍കുന്നുണ്ട്. ലോകാരോഗ്യസംഘടനയിലേയും യു.എസ്. ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെന്ററിലേയും വിദഗ്ധരാണ് കാമ്പയിനില്‍ പങ്കെടുക്കുന്നത്. പൊതുജനാരോഗ്യമന്ത്രാലയം, വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം, പ്രാഥമികാരോഗ്യ കോര്‍പ്പറേഷന്‍, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, ഖത്തര്‍ പെട്രോളിയം, സിദ്ര മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്നിവയുടെ സഹകരണത്തിലാണ് കാമ്പയിന്‍ നടത്തുന്നത്.