ദോഹ: ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അടുത്തിടെ പ്രഖ്യാപിച്ച സൗജന്യ ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസക്ക് ഹോട്ടല്‍ ബുക്കിങ്ങ് നിര്‍ബന്ധമില്ലെന്ന് ആഭ്യന്തരമന്ത്രാലയം.

കുറഞ്ഞത് ആറുമാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, സ്ഥീരീകരിച്ച മടക്ക ടിക്കറ്റ് എന്നിവ മാത്രമാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് പ്രധാനമായും വേണ്ടത്. ഓണ്‍ അറൈവല്‍ വിസ, ഇ-അതോറൈസേഷന്‍, ഇ-വിസ ഉള്‍പ്പെടെയുള്ള വിസകളാണ് അടുത്തിടെ പ്രഖ്യാപിച്ചത്.
 
ഇത്തരം സന്ദര്‍ശക വിസകള്‍ക്ക് ഹോട്ടല്‍ ബുക്കിങ്ങ് അല്ലെങ്കില്‍ മറ്റ് വ്യവസ്ഥകള്‍ നിര്‍ബന്ധമില്ലെന്ന് ആഭ്യന്തരമന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. എന്നാല്‍ രാജ്യത്തേക്ക് എത്തുന്ന സന്ദര്‍ശകരോട് ഖത്തറില്‍ താമസിക്കാനുള്ള വിലാസത്തെക്കുറിച്ച് അധികൃതര്‍ അന്വേഷിച്ചേക്കാമെന്നും മന്ത്രാലയം സൂചിപ്പിച്ചിട്ടുണ്ട്.
 
സന്ദര്‍ശകരുടെ പൗരത്വം അനുസരിച്ചാണ് രാജ്യത്ത് ചെലവഴിക്കാനുള്ള ദിവസങ്ങള്‍ നിശ്ചയിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള 47 രാജ്യങ്ങള്‍ക്ക് രാജ്യത്ത് മുപ്പതുദിവസം (സിംഗിള്‍/ മള്‍ട്ടിപ്പിള്‍ യാത്ര) ചെലവഴിക്കാം. അധിക മുപ്പത് ദിവസത്തിനുകൂടി അപേക്ഷിക്കാനുള്ള അനുമതിയും ഉണ്ട്.
 
അതേസമയം തുര്‍ക്കി, സ്വീഡന്‍ തുടങ്ങി 33 രാജ്യങ്ങള്‍ക്ക് 180 ദിവസത്തെ വിസയാണ് ലഭിക്കുന്നത്. സൗജന്യ ഓണ്‍ അറൈവല്‍ വിസ പ്രഖ്യാപനത്തിനുശേഷം ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ ദോഹയിലെത്തുന്നുണ്ട്.

അതേസമയം കേരളത്തില്‍നിന്നുള്ള സന്ദര്‍ശകര്‍ക്ക് കേരളത്തിലെ വിമാനത്താവളങ്ങളില്‍നിന്ന് പലപ്പോഴും തിരികെ മടങ്ങേണ്ട അവസ്ഥയാണുള്ളത്. സൗജന്യ ഓണ്‍ അറൈവല്‍ വിസ സംബന്ധിച്ചുള്ള പൂര്‍ണവിവരങ്ങള്‍ ഇന്ത്യന്‍ എംബസിയേയും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തേയും അറിയിച്ചതായി ഖത്തര്‍ ടൂറിസം അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
 
ദോഹയിലെ ഇന്ത്യന്‍ എംബസിയും ഇക്കാര്യം സ്ഥീരീകരിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ കൊച്ചി, കോഴിക്കോട് ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ അധികൃതരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് ദോഹയിലേക്ക് എത്താന്‍ യാത്രക്കാര്‍ക്ക് അനുമതി നല്‍കുന്നത് എന്നതാണ് നിലവിലെ സ്ഥിതി. വിസയുള്ളവര്‍ക്ക് മാത്രമാണ് കേരളത്തിലെ എമിഗ്രേഷന്‍ അധികൃതര്‍ അനുമതിനല്‍കുന്നത്.
 
ഖത്തര്‍ സര്‍ക്കാര്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സൗജന്യ ഓണ്‍ അറൈവല്‍ വിസ അനുവദിച്ചിട്ടും കേരളത്തിലെ വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം അവഗണിക്കുന്നത് നിരവധി കുടുംബങ്ങളേയും കുട്ടികളേയുമാണ് ബുദ്ധിമുട്ടിലാക്കുന്നത്. വിസപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ ദോഹയിലെത്തിയ കേരള നിയമസഭ സ്​പീക്കര്‍ പി. ശ്രീരാമകൃഷ്ണന് നിരവധി പ്രവാസിസംഘടനകള്‍ നിവേദനം നല്‍കിയിട്ടുണ്ട്.