ദോഹ: പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡ് ശൃംഖലകളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ (അഷ്ഘാല്‍) പ്രചാരണത്തിന് തുടക്കമായി.

പുതിയ മാര്‍ഗങ്ങളെക്കുറിച്ചും ഉയര്‍ന്ന ഗതാഗതം സംബന്ധിച്ചും യാത്രാസമയത്തില്‍ വന്ന ഗണ്യമായ കുറവിനെ സംബന്ധിച്ചും റോഡ് ഉപയോക്താക്കള്‍ക്ക് അറിവ് നല്‍കാന്‍ ലക്ഷ്യമിട്ടാണ് പ്രചാരണം.

രാജ്യത്തിന്റെ തെക്കുമുതല്‍ വടക്കുവരെ സഞ്ചരിക്കാനായി ദോഹയിലെ ഉള്‍ റോഡുകളില്‍ പ്രവേശിക്കാതെ ലക്ഷ്യത്തിലെത്താന്‍ നഗരത്തിന് പുറത്തുള്ള പുതിയ റോഡ് ശൃംഖല സഹായകമായിട്ടുണ്ട്.

ഉപയോക്താക്കളെ തങ്ങളുടെ പതിവ് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സമാന്തര റോഡുകളെക്കുറിച്ച് ബോധ്യപ്പെടുത്താനും പുതുതായി വികസിപ്പിച്ച റോഡുകളില്‍ മികച്ച യാത്രാനുഭവം നല്‍കാനും ലക്ഷ്യമിട്ടാണ് പ്രചാരണം.

കഴിഞ്ഞ വര്‍ഷമാണ് ബാഹ്യ എക്‌സ്​പ്രസ് വേ റോഡ് ശൃംഖലകള്‍ തുറന്നത്. ഇതോടെ ഗതാഗതത്തോത് വര്‍ധിപ്പിക്കാനും സാധ്യമായി.

ലാന്‍ഡ് മാര്‍ക്ക് ഇന്റര്‍സെക്ഷന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ദോഹയ്ക്കുള്ളിലെ ഗതാഗതത്തിരക്ക് കുറയ്ക്കാനും വ്യത്യസ്ത ഭാഗങ്ങളിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കാനും സാധിക്കും.

തെക്കുനിന്ന് വടക്കോട്ടും തിരികെയും സഞ്ചരിക്കാന്‍ പുതിയ റോഡുകള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക കൂടിയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. ബാഹ്യ റോഡ് ശൃംഖലയിലെ ഏറ്റവും പ്രധാന റൂട്ടാണ് ഓര്‍ബിറ്റല്‍ ഹൈവേ.

പ്രധാന കേന്ദ്രങ്ങളിലേക്ക് നേരിട്ട് സഞ്ചരിക്കാനും യാത്രാസമയം കുറയ്ക്കാനും ഹൈവേ പ്രയോജനകരമായിട്ടുണ്ട്. ദോഹ നഗരത്തിന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 195 കിലോമീറ്റര്‍ നീളുന്നതാണ് ഹൈവേ.

തെക്ക് മിസൈദില്‍നിന്ന് ആരംഭിക്കുന്ന ഓര്‍ബിറ്റല്‍ ഹൈവേ വടക്ക് അല്‍ഖോര്‍ നഗരത്തിന്റെ പടിഞ്ഞാറാണ് അവസാനിക്കുന്നത്.

ജി റിങ് റോഡ്, സല്‍വ, ദുഖാന്‍ ഹൈവേ, അല്‍ ശമാല്‍ റോഡ് എന്നിവയെ ബന്ധിപ്പിച്ചാണ് ഓര്‍ബിറ്റല്‍ ഹൈവേ. നിലവിലെ പഴയ റോഡുകളിലൂടെയുള്ള യാത്രയെക്കാള്‍ അമ്പത് ശതമാനം യാത്രാസമയം കുറയ്ക്കുന്നതാണ് പുതിയ ഓര്‍ബിറ്റല്‍ ഹൈവേ.

നിലവില്‍ ഗതാഗത സിഗ്നലുകള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് അഷ്ഘാല്‍. ഇതിനായി മറ്റ് ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് അഷ്ഘാല്‍ രൂപവത്കരിച്ച പ്രത്യേക കമ്മിറ്റിക്കാണ് ചുമതല.

പൂര്‍ത്തിയായതും നിര്‍മാണം പുരോഗമിക്കുന്നതുമായ എല്ലാ റോഡ് പദ്ധതികളിലും ഡയറക്ഷണല്‍ സിഗ്നലുകള്‍ സ്ഥാപിക്കുന്നത് കമ്മിറ്റിയാണ് വിലയിരുത്തുന്നത്.

അതത് സ്ഥലങ്ങളിലേക്കുള്ള അടയാള ബോര്‍ഡുകളും സ്ഥലങ്ങളുടെ പേരുകളും എല്ലാ റോഡുകളിലും ഉറപ്പാക്കുന്നതും കമ്മിറ്റിയാണ്.