ദോഹ: ബുദ്ധിയുടെ മതം, മാനവതയുടെ ജീവന്‍ എന്ന ശീര്‍ഷകത്തില്‍ കെ.എന്‍.എം. മര്‍ക്കസുദ്ദഅ്വ സംഘടിപ്പിക്കുന്ന ചതുര്‍മാസ കാമ്പയിനിന്റെ ജിസിസി തല ഉദ്ഘാടനം ഷൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിഥി നിര്‍വ്വഹിച്ചു. എല്ലാ സഹജീവികളേയും ഉള്‍കൊള്ളാനാവുന്ന മാനസികാവസ്ഥയിലേക്ക് മനുഷ്യന്‍ എത്തുമ്പോഴാണ് ജീവിതവും വിശ്വാസവും പരിപൂര്‍ണ്ണതയിലാവുകയുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രമുഖ എഴുത്തുകാരന്‍ കെപി രാമനുണ്ണി മുഖ്യാതിഥിയായിരുന്നു. വൈവിധ്യങ്ങളെ അംഗീകരിക്കലാണു മാനവീകതയെന്നും അതിന്റെ വിപരീതമാണ് ഫാസിസമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനീതിയില്‍ കെട്ടിപ്പടുക്കുന്ന ഒന്നിനും നിലനില്‍പ്പില്ല അതിനാല്‍ എല്ലാ സമയത്തും നീതിക്കായി നിലകൊള്ളുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
മതത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ മറന്നുകൊണ്ട് കടത്തിക്കൂട്ടലുകള്‍ക്ക് പ്രാധാന്യം നല്‍കുന്നത് യുക്തമല്ല എന്ന് ബുദ്ധിയുടെ മതം' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ സി.എം മൗലവി ആലുവ പറഞ്ഞു. അടിസ്ഥാന മൂല്ല്യങ്ങള്‍ക്കാണ് പ്രാധാന്യമെന്നും അലങ്കാരങ്ങളായ തോരണങ്ങളെ താലോലിക്കുന്നത് ബുദ്ധിപരമല്ലാ എന്നും അദ്ദേഹം വിശദീകരിച്ചു.
റിഹാസ് പുലാമന്തോള്‍ 'മാനവികതയുടെ ഇസ്ലാഹി പരിസരം' എന്ന വിഷയത്തിലും എം.ടി മനാഫ് മാസ്റ്റര്‍ 'മാനവതയുടെ ജീവന്‍' എന്നീ വിഷയത്തിലും പ്രഭാഷണം നടത്തി. കെ. എന്‍.എം സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി ജി. സി. സി കോ ഓര്‍ഡിനേഷന്‍ സമിതിയുടെ പ്രഖ്യാപനം നടത്തി.
എം അഹമ്മദ് കുട്ടി മദനി സമാപനഭാഷണം നടത്തി. ആയിരക്കണക്കിന് ആളുകള്‍ ഓണ്‍ലൈനില്‍ തത്സമയം സമ്മേളനം വീക്ഷിച്ചു.
ജി.സി. സി ഇസ്ലാഹി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സുലൈമാന്‍ മദനി സ്വാഗതവും അസൈനാര്‍ അന്‍സാരി നന്ദിയും പറഞ്ഞു.