ദോഹ: സൈനിക സഹകരണത്തിന് ശക്തമായ അടിത്തറപാകി ഖത്തറും നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനും (നാറ്റോ) കരാര്‍ ഒപ്പുവെച്ചു.

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ബ്ലുസ്സെല്‍സ് സന്ദര്‍ശനത്തിനിടെയാണ് നാറ്റോയുമായി സൈനിക സഹകരണത്തിന് കരാര്‍ ഒപ്പുവെച്ചത്. അമീര്‍ നാറ്റോ സെക്രട്ടറി ജനറല്‍ ജീന്‍സ് സ്റ്റോളന്‍ബര്‍ഗുമായും മുതിര്‍ന്ന നാറ്റോ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. സൈനിക, സുരക്ഷാ പ്രശ്‌നങ്ങളില്‍ ഭാവിസഹകരണം സംബന്ധിച്ചും അമീര്‍ ചര്‍ച്ച ചെയ്തു. നിലവിലെ രാഷ്ട്രീയ പുരോഗതി സംബന്ധിച്ചും മേഖലനേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ചും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും അമീറും നാറ്റോയും തമ്മില്‍ ചര്‍ച്ചചെയ്തു.

തീവ്രവാദത്തിനെതിരേയുള്ള ഖത്തറിന്റെ പോരാട്ടത്തിനും ഇക്കാര്യത്തില്‍ നാറ്റോയുമായുള്ള സഹകരണത്തിലും നാറ്റോ സെക്രട്ടറി ജനറല്‍ അമീറിന് നന്ദി അറിയിച്ചു. അമീറിന്റെയും നാറ്റോ സെക്രട്ടറി ജനറലിന്റെയും സാന്നിധ്യത്തിലാണ് ഒപ്പുവെച്ചത്. വിദേശകാര്യ മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയും നാറ്റോ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റോസ് ഗോട്ടെമൊല്ലറുമാണ് കരാറുകളില്‍ ഒപ്പുവെച്ചത്. യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ജീന്‍ ക്ലൗഡ് ജംങ്കര്‍, യൂറോപ്യന്‍ യൂണിയന്റെ വിദേശകാര്യ വകുപ്പ്-സുരക്ഷാ നയ വിഭാഗത്തിലെ ഉന്നത പ്രതിനിധി ഫെഡറിക്ക മൊഗെറിണി എന്നിവരുമായി യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. വിദേശ കാര്യ മന്ത്രാലയവും യൂറോപ്യന്‍ എക്‌സ്റ്റേണല്‍ ആക്ഷനുമായും കരാര്‍ ഒപ്പുവെച്ചു.

ബള്‍ഗേറിയന്‍ പ്രസിഡന്റ് റൂമെന്‍ റാദേവുമായും അമീര്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ രാഷ്ട്രീയ, സാംസ്‌കാരിക, സാമ്പത്തിക, നിക്ഷേപ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും മേഖലയിലേയും അന്താരാഷ്ട്ര തലത്തിലേയും പ്രധാന വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ബള്‍ഗേറിയയില്‍ പ്രസിഡന്‍ഷ്യല്‍ പാലസില്‍ ഊഷ്മള വരവേല്‍പ്പാണ് അമീറിന് ലഭിച്ചത്. ബള്‍ഗേറിയന്‍ ഔദ്യോഗിക പ്രതിനിധി സംഘങ്ങളുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും അമീര്‍ കൂടിക്കാഴ്ച നടത്തി. പ്രസിഡന്റിനൊപ്പം സോഫിയ നഗരത്തില്‍ സന്ദര്‍ശനം നടത്തിയ അമീര്‍ സോഫിയയിലെ ചരിത്ര, സാംസ്‌കാരിക, പൈതൃക കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. ബള്‍ഗേറിയയുടെ ദേശീയ ചരിത്ര മ്യൂസിയവും ഫുട്‌ബോള്‍ ഫെഡറേഷനും അമീര്‍ സന്ദര്‍ശിച്ചു.

പ്രധാനമന്ത്രി ബോയ്‌കോ ബൊറിസ്സോവുമായും അമീര്‍ കൂടിക്കാഴ്ച നടത്തി. വ്യത്യസ്തമേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചാണ് ഇരുവരും ചര്‍ച്ച ചെയ്തത്. പരസ്​പര താത്പര്യമുള്ള മേഖലയിലേയും അന്താരാഷ്ട്ര തലത്തിലേയും വിഷയങ്ങളും ചര്‍ച്ച ചെയ്തു. സമീപ ഭാവിയില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പുതിയ പദ്ധതികളിന്മേലുള്ള കരാര്‍ സംബന്ധിച്ചും ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മില്‍ യുവജന കായിക സഹകരണത്തിനുള്ള ധാരണാപത്രം, ഖത്തര്‍ സര്‍വകലാശാലയും സോഫിയ സര്‍വകലാശാലയും തമ്മിലുള്ള ധാരണാപത്രം, ഊര്‍ജ മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം എന്നിവയും ഒപ്പുവെച്ചു. അമീറും ബള്‍ഗേറിയന്‍ പ്രധാനമന്ത്രിയും ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രസിഡന്റ് റൂമെന്‍ റാദേവ് ഒരുക്കിയ ഔദ്യോഗിക ഉച്ചവിരുന്നിലും അമീറും സംഘവും പങ്കെടുത്തു.