ദോഹ: നിലവിലെ ഗള്‍ഫ് പ്രതിസന്ധിയില്‍ ആശങ്കയറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി.) രാജ്യങ്ങള്‍ ഐക്യത്തോടെ നിലകൊള്ളണമെന്നും ട്രംപ് ആഹ്വാനം ചെയ്തു.

ഖത്തര്‍, സൗദി, യു.എ.ഇ. ഭരണാധികാരികളുമായി ട്രംപ് ടെലിഫോണില്‍ ചര്‍ച്ചനടത്തി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ഞായറാഴ്ച രാത്രിയാണ് ട്രംപ് ടെലിഫോണില്‍ സംസാരിച്ചത്. നിലവിലെ പ്രതിസന്ധിയെക്കുറിച്ചും വിഷയത്തില്‍ അമേരിക്കയുടേയും അന്താരാഷ്ട്രസമൂഹത്തിന്റെയും നിലപാടുകളും ചര്‍ച്ചചെയ്തു. തീവ്രവാദത്തെ പരാജയപ്പെടുത്തുന്നതിനും മേഖലയിലെ സ്ഥിരത ഉറപ്പാക്കാനുമുള്ള റിയാദ് ഉച്ചകോടിയുടെ ലക്ഷ്യം കൈവരിക്കുന്നതില്‍ ജി.സി.സി. രാജ്യങ്ങളുടെ ഐക്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ ഗൗരവതരമായ ചര്‍ച്ചകള്‍ വേണമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സിഗ്മറിന്റെ അറബ് രാജ്യങ്ങളിലെ പര്യടനം തിങ്കളാഴ്ച ആരംഭിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള അനൈക്യം മേഖലയെ മൊത്തം ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍, സൗദി, യു.എ.ഇ. രാജ്യങ്ങളിലാണ് സിഗ്മര്‍ സന്ദര്‍ശനം നടത്തുന്നത്.