ദോഹ: സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറി പൗരന്മാര്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പിന്‍വലിക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ യുവിസ് ലീ ഡ്രിയാന്‍. മിശ്രകുടുംബങ്ങളെ വേര്‍പെടുത്തിയും വിദ്യാര്‍ഥികള്‍ക്ക് പഠനം നിഷേധിച്ചും ഖത്തറി പൗരന്മാര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ള വിലക്ക് എത്രയും വേഗത്തില്‍ പിന്‍വലിക്കണമെന്ന് ഡ്രിയാന്‍ ആവശ്യപ്പെട്ടു.
 
പ്രതിസന്ധി പരിഹരിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി രണ്ട് ദിവസത്തെ ഗള്‍ഫ് പര്യടനത്തിനിടെ ദോഹയില്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി ആര്‍ക്കും നേട്ടമുണ്ടാക്കില്ലെന്നും എല്ലാവരുടെയും താത്പര്യങ്ങള്‍ക്ക് എതിരാണിതെന്നും അദ്ദേഹം പറഞ്ഞു. ഉപരോധത്തിലൂടെ കുടുംബങ്ങള്‍ വേര്‍പിരിഞ്ഞതിലും വിദ്യാര്‍ഥികളുടെ പഠനം മുടങ്ങിയതിലുമുള്ള ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചു.

ഖത്തറും അയല്‍ രാജ്യങ്ങളും തമ്മില്‍ പെട്ടെന്നുണ്ടായ പ്രതിസന്ധിയില്‍ ഫ്രാന്‍സ് വളരെ ആശങ്കാകുലരാണെന്നും അദ്ദേഹം അറിയിച്ചു. പ്രതിസന്ധിക്ക് പരിഹാരം കാണാനായി എല്ലാ രാജ്യങ്ങളുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സംവാദത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം ഒരു രാജ്യത്തിന്റെ ചുമലില്‍ മാത്രം കെട്ടിവെക്കാതെ കൂട്ടായ ശ്രമത്തിലൂടെയാണ് ലക്ഷ്യം നേടേണ്ടതെന്നും ഫ്രാന്‍സ് വ്യക്തമാക്കി.

കുവൈത്തിന്റെ മധ്യസ്ഥതയ്ക്ക് പൂര്‍ണ പിന്തുണ അറിയിച്ചതിനൊപ്പം മധ്യസ്ഥ ശ്രമങ്ങളില്‍ സഹായിക്കാന്‍ പാരീസ് സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. ഫ്രാന്‍സിന്റെ പിന്തുണയെ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി സ്വാഗതം ചെയ്തു. സൗദിസഖ്യം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അദ്ദേഹം തള്ളി. രാജ്യത്തിന്റെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമത്തെയും ബഹുമാനിച്ചു കൊണ്ട് സംവാദത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടും അദ്ദേഹം വ്യക്തമാക്കി.

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി എന്നിവരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഫ്രഞ്ച് വിദേശകാര്യമന്ത്രി മടങ്ങിയത്. നിലവിലെ പ്രതിസന്ധി സംബന്ധിച്ചാണ് ഇരുവരുമായും ചര്‍ച്ച നടത്തിയത്.

ദോഹ സന്ദര്‍ശനത്തിന് ശേഷം ഫ്രഞ്ച് വിദേശകാര്യമന്ത്രി ഞായറാഴ്ച തന്നെ സൗദിയിലേക്ക് തിരിച്ചു. തിങ്കളാഴ്ച കുവൈത്ത്, യു.എ.ഇ. സന്ദര്‍ശനത്തിനുശേഷം അദ്ദേഹം മടങ്ങും. കഴിഞ്ഞ ദിവസമാണ് നാല് ദിവസത്തെ ഗള്‍ഫ് പര്യടനത്തിനുശേഷം യു.എസ്. സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ മടങ്ങിയത്. നേരത്തെ ബ്രീട്ടീഷ്, ജര്‍മന്‍, തുര്‍ക്കി നേതാക്കളും മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

കഴിഞ്ഞ ജൂണ്‍ അഞ്ച് മുതലാണ് ഭീകരതയ്ക്ക് ധനസഹായം നല്‍കുന്നുവെന്നാരോപിച്ച് ഖത്തറിനുമേല്‍ സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ സമുദ്ര, കര, വ്യോമ ഉപരോധം ഉള്‍പ്പെടെ സാമ്പത്തിക-നയതന്ത്ര വിലക്ക് ഏര്‍പ്പെടുത്തിയത്.