ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ സംവാദത്തിന് ആഹ്വാനം ചെയ്ത് ഖത്തര്‍. സംവാദത്തിലൂടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു.
 
ലണ്ടനിലെ ചതാം ഹൗസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപാധികള്‍ അംഗീകരിക്കാന്‍ ഖത്തറിന് നല്‍കിയ 48 മണിക്കൂര്‍ അധിക സമയം ബുധനാഴ്ച രാവിലെ അവസാനിച്ചിരുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കാതെ സംവാദത്തിലൂടെ പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

അതേസമയം പ്രതിസന്ധി പരിഹരിക്കാന്‍ സംവാദത്തിന് ആഹ്വാനം ചെയ്തതിനൊപ്പം രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ വേണ്ടതെല്ലാം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിലാകണം ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ നടപടി സ്വീകരിക്കാനെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
ഖത്തറിന്റെ വ്യത്യാസം പരിഹരിക്കാനുള്ള അയല്‍രാജ്യങ്ങളുടെ ഏത് ഗൗരവ ശ്രമങ്ങളേയും രാജ്യം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിഹാരത്തിനുള്ള ആദ്യ നടപടി ഖത്തറിന്റെ ഭാഗത്ത്‌നിന്ന് അവര്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ അവരില്‍നിന്ന് ആദ്യ നടപടി പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരം അടിയറവ് വെയ്ക്കണമെന്ന ആവശ്യമാണ് സൗദി സഖ്യരാജ്യങ്ങള്‍ മുന്നോട്ട് വെച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. മേഖലയുടെ കൂട്ടായ സുരക്ഷയുടെ കാര്യത്തില്‍ ഖത്തര്‍ പിറകോട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.