ദോഹ: നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ സൗദി സഖ്യരാജ്യങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുക അസാധ്യമെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി.

ഉപാധിപ്പട്ടിക അപ്രായോഗികവും നടപ്പാക്കാന്‍ പറ്റാത്തതുമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. തീവ്രവാദത്തെക്കുറിച്ചുള്ളതല്ല, മറിച്ച് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ളതിനുള്ള ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദോഹയില്‍ ജര്‍മന്‍ വിദേശകാര്യമന്ത്രി സിഗ്മര്‍ ഗബ്രിയേലിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചര്‍ച്ചയ്ക്ക് ഖത്തര്‍ സജ്ജമാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നയതന്ത്ര-സാമ്പത്തിക ഉപരോധത്തിനോടുള്ള ഖത്തറിന്റെ പ്രതികരണം സിഗ്മര്‍ ചൂണ്ടിക്കാട്ടി. തുടക്കംമുതല്‍ക്കേ തികഞ്ഞ സംയമനം പാലിച്ചാണ് ഖത്തര്‍ നിലകൊള്ളുന്നത്. ഇതേനിലയില്‍ തന്നെയാകണം അയല്‍രാജ്യങ്ങളുടെ പ്രതികരണമെന്നും സിഗ്മര്‍ ചൂണ്ടിക്കാട്ടി. ജര്‍മനിയും യൂറോപ്പും ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കരിക്കുന്നതില്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
 
മേഖലയോട് ജര്‍മനിക്ക് ദൃഢമായ താത്പര്യമുണ്ടെന്നും ജര്‍മനിയുടെ വിതരണ ശൃംഖലയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും സിഗ്മര്‍ പറഞ്ഞു. ഗള്‍ഫ് പ്രതിസന്ധിമേഖലയെ ഒന്നടങ്കം ദുര്‍ബലപ്പെടുത്തി. എല്ലാ രാജ്യങ്ങളുടെയും പരമാധികാരം ബഹുമാനിക്കപ്പെടണമെന്നും സിഗ്മര്‍ പറഞ്ഞു. സായുധഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നത് നിര്‍ത്തലാക്കുന്നതാണ് പ്രതിസന്ധിക്കുള്ള മികച്ച പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

സൗദി സഖ്യരാജ്യങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിച്ചിരുന്നു. എന്നാല്‍, 48 മണിക്കൂര്‍കൂടി ഖത്തറിന് നല്‍കിയിട്ടുണ്ട്. സമയപരിധി നീട്ടിയ തിങ്കളാഴ്ചതന്നെ ഖത്തര്‍ അമീര്‍ ഉപാധികളിലുള്ള മറുപടി കുവൈത്ത് അമീറിന് കൈമാറിയിട്ടുണ്ട്. അല്‍ജസീറ അടച്ചുപൂട്ടുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ഉപാധിയിലുള്ളത്. അതേസമയം, കുവൈത്ത് അമീറിന് കൈമാറിയ മറുപടിക്കത്തിലെ ഉള്ളടക്കം ശൈഖ് മുഹമ്മദ് വെളിപ്പെടുത്തിയില്ല. സംവാദത്തിലൂടെ ചര്‍ച്ചചെയ്ത് പരിഹരിക്കുകയാണ് ഖത്തറിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു.

അറബ് രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായി സിഗ്മര്‍ തിങ്കളാഴ്ച സൗദി സന്ദര്‍ശിച്ചിരുന്നു. സിഗ്മറും സൗദി വിദേശകാര്യമന്ത്രിയും സംയുക്തമായി നടത്തിയ പത്രസമ്മേളനം വിവാദമായിരുന്നു. സൗദിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സിഗ്മര്‍ പറഞ്ഞ കാര്യങ്ങള്‍ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് വ്യക്തമായിരുന്നില്ലെന്ന് സൗദി മാധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നു. സിഗ്മര്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ തര്‍ജമ ചെയ്തയാളുടെ ശബ്ദത്തില്‍ തകരാര്‍ സംഭവിക്കുകയും സിഗ്മര്‍ സംസാരിച്ചുതീരുന്നതുവരെ ഇത് തുടരുകയും ചെയ്തിരുന്നു.

അതേസമയം, ബുധനാഴ്ച ഈജിപ്തിലെ കെയ്‌റോയില്‍ സൗദി സഖ്യരാജ്യങ്ങള്‍ നടത്തുന്ന യോഗം ഗള്‍ഫ് മേഖലയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. ഖത്തറിന്റെ മറുപടി യോഗത്തില്‍ ചര്‍ച്ചയാകും. ചര്‍ച്ചയ്ക്കുശേഷം തുടര്‍ന്ന് ഖത്തറിനോടുള്ള നിലപാട് വ്യക്തമാക്കുമെന്ന് നേരത്തെ സൗദി വ്യക്തമാക്കിയിരുന്നു.