ദോഹ: സഞ്ചാരികളെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്ന ഖത്തറിലെ ഹോട്ടലുകള്‍ പൂര്‍ണമായും അണുവിമുക്തമെന്ന് ഉറപ്പ് വരുത്താന്‍ പ്രത്യേക പദ്ധതി. ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഖത്തര്‍ ക്ലീന്‍ എന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. 

വിവിധ ഘട്ടങ്ങളായാണ് ഖത്തര്‍ ക്ലീന്‍ പദ്ധതി നടപ്പാക്കുന്നത്. ഹോട്ടല്‍ സ്ഥാപനങ്ങള്‍ പാലിക്കേണ്ട അണുവിമുക്തി, ശുചീകരണ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് കൊണ്ട് അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുകയാണ് ആദ്യ ഘട്ടം. ഹോട്ടലുകള്‍ സ്വീകരിക്കുന്ന സ്വതന്ത്ര നടപടികള്‍ക്കൊപ്പം കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരമുള്ള കാര്യങ്ങളും നടപ്പാക്കും. നിശ്ചിത മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്ന ഹോട്ടലുകള്‍ക്ക് ഖത്തര്‍ ക്ലീന്‍ എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും. 

അതേ സമയം, പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ലബോറട്ടറി പരിശോധനകളെയും സര്‍ക്കാര്‍, വ്യാവസായിക, വിദ്യാഭ്യാസ തലത്തില്‍ നടത്തുന്ന പരീക്ഷണങ്ങളെയും ഏകോപിപ്പിക്കാന്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം സംവിധാനമൊരുക്കി. ഇതിനായി ഖത്തര്‍ നാഷണല്‍ റഫറന്‍സ് ലബോറട്ടറി ഓഗസ്റ്റ് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. പകര്‍ച്ചവ്യാധി മുന്‍കരുതല്‍ നടപടികള്‍ക്ക് പിന്തുണ നല്‍കുന്നതിനും കൂടി വേണ്ടിയാണ് നാഷണല്‍ റഫറന്‍സ് ലബോറട്ടറി.