ദോഹ: രാജ്യത്തെ ജനങ്ങള്‍ വഞ്ചനാപരമായ മത്സരങ്ങളില്‍ വീഴാതെ ജാഗ്രതപുലര്‍ത്തണമെന്ന് ഖത്തര്‍ എയര്‍വേസിന്റെ മുന്നറിയിപ്പ്.

ചില മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഖത്തര്‍ എയര്‍വേസിന്റെ യാത്രാടിക്കറ്റ് സമ്മാനമായി ലഭിക്കുമെന്ന തരത്തില്‍ തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. വ്യക്തിപരമായ വിവരങ്ങള്‍ കൈക്കലാക്കാനുള്ള തട്ടിപ്പുമത്സരങ്ങളാണ് ഇവയെന്നും അധികൃതര്‍ വ്യക്തമാക്കി.
 
ഖത്തര്‍ എയര്‍വേസ് നടത്തുന്ന മത്സരങ്ങളും ഓഫറുകളും വിശദമായി കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സാമൂഹിക അക്കൗണ്ടുകളിലും മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും മറ്റുതരത്തില്‍ നടക്കുന്ന തട്ടിപ്പുകളില്‍ വീഴരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഖത്തര്‍ എയര്‍വേസിന്റെ വെബ്‌സൈറ്റിലും ഫെയ്‌സ്ബുക്ക് അക്കൗണ്ടിലുമെല്ലാം ജനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചില ലിങ്കുകള്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നവര്‍ക്ക് ഖത്തര്‍ എയര്‍വേസിന്റെ ടിക്കറ്റ് സമ്മാനമായി ലഭിക്കുമെന്ന തരത്തില്‍ ഫെയ്‌സ്ബുക്കിലും മറ്റും പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഖത്തര്‍ എയര്‍വേസ് ടിക്കറ്റ് സമ്മാനമായി ലഭിക്കുമെന്ന് വാഗ്ദാനം നല്‍കി വ്യാജ ലിങ്കുകള്‍ ഉപയോക്താക്കളെക്കൊണ്ട് ഷെയര്‍ ചെയ്യിപ്പിക്കുന്നതിലൂടെ അവരുടെ കംപ്യൂട്ടര്‍ അല്ലെങ്കില്‍ സ്മാര്‍ട്ട് ഫോണില്‍ വൈറസ് ആക്രമണം ഉണ്ടാവുകയാണ് ചെയ്യുന്നത്.