ദോഹ: 216 കോടി റിയാലിന്റെ ബോയിങ് വിമാനങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയതായി ഖത്തര്‍ എയര്‍വെയ്‌സ്.

രണ്ട് ബോയിങ് 747-8 കാര്‍ഗോ വിമാനങ്ങളും നാല് 777-300 ഇ.ആര്‍.എസ് വിമാനങ്ങളുമാണ് വാങ്ങുന്നത്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയ്ക്ക് നല്‍കുന്ന സംഭാവനയും കമ്പനിയുടെ വിപുലീകരണവും തുടരുമെന്നതിന്റെ സൂചനയാണ് പുതിയ ഓര്‍ഡര്‍.
 
നിലവില്‍ നൂറോളം ബോയിങ് വിമാനങ്ങളുള്ള ഖത്തര്‍ എയര്‍വെയ്‌സ് നൂറ് അധിക ബോയിങ് വിമാനങ്ങള്‍ക്ക് നേരത്തേ ഓര്‍ഡര്‍ നല്‍കിയിട്ടുമുണ്ട്.

വാഷിങ്ടണിലെ എവറെത്തില്‍ ഖത്തര്‍ എയര്‍വെയ്‌സിന്റെ ആദ്യ 747-8 കാര്‍ഗോവിമാനം എത്തിയതിന്റെ ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ചാണ് 216 കോടി റിയാലിന്റെ ബോയിങ് വിമാനങ്ങള്‍ വാങ്ങുമെന്ന് കമ്പനി സി.ഇ. അക്ബര്‍ അല്‍ബേക്കര്‍ പ്രഖ്യാപിച്ചത്.
 
787 ബോയിങ് വിമാനം മേഖലയില്‍ ആദ്യം സര്‍വീസ് നടത്തിയത് ഖത്തര്‍ എയര്‍വെയ്‌സാണ്. കഴിഞ്ഞവര്‍ഷം മുപ്പത് ബി 787-9 ഡ്രീം ലൈനര്‍ വിമാനങ്ങളും പത്ത് 777-300 ഇ.ആര്‍.എസ്. വിമാനങ്ങളും വാങ്ങാന്‍ ബോയിങ്ങിന് 1170 കോടി ഡോളറിന്റെ ഓര്‍ഡര്‍ നല്‍കിയാണ് ഖത്തര്‍ എയര്‍വെയ്‌സ് റെക്കോഡിട്ടത്.