ദോഹ. ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുവേദിയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍)  ഉദ്ഘാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.  നവമ്പര്‍ 13 ന്  ഖത്തര്‍ സമയം രണ്ട് മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടനസമ്മേളനം വൈവിധ്യമാര്‍ന്ന വിഭവങ്ങളാല്‍ സമ്പന്നമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. കോവിഡ് പരിഗണിച്ച് സൂം പ്‌ളാറ്റ് ഫോമിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

കേരള സ്പീക്കര്‍  ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടകന്‍. ഖത്തറിലെ ഇന്ത്യന്‍ അംബാസ്സഡര്‍ ഡോ.ദീപക് മിത്തല്‍, കേരള ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍, പ്രൊഫസര്‍ ഗോപിനാഥ് മുതുകാട്, ജില്ലയില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, എം.എല്‍. എ. എ.പി. അനില്‍കുമാര്‍, ജില്ല കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

പ്രമുഖ പ്രവാസി സാംസ്‌കാരിക പ്രവര്‍ത്തകന്‍ അച്ചു ഉളളാട്ടിലിന്റേയും  കണ്‍വീനര്‍  അബ്ദുല്‍റഷീദ് തിരുരിന്റെയും മേല്‍നോട്ടത്തിലാണ്  പരിപാടികള്‍ അണിഞ്ഞൊരുങ്ങുന്നത്. നാടന്‍ പാട്ട് രംഗത്ത് ശ്രദ്ധേയനായ അതുല്‍ നറുകര, എടപ്പാള്‍ വിശ്വന്‍, ഫാസില ബാനു തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന ഗാനമേള, ഖത്തറില്‍ നിന്നുള്ള  കലാകാരന്‍മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിവിധ കലാപരിപാടികള്‍,  ബാപ്പു വെളള്ളിപ്പറമ്പ് ചിട്ടപ്പെടുത്തിയ ഡോം ഖത്തറിന്റെ തീം സോംഗ് തുടങ്ങിവയാണ് പരിപാടിയുടെ മറ്റു സവിശേഷതകള്‍. 

ഡോം ഖത്തര്‍ ലോഗോ പ്രകാശനം,ലോഗോ മല്‍സര വിജയിക്കുള്ള സമ്മാന ദാനം,  വെബ്‌സൈറ്റ് ഉദ്ഘാടനം തുടങ്ങിയവയും  അന്ന് നടക്കും.

ഡോം ഖത്തര്‍ ലോഗോ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി.ജലീല്‍ പ്രകാശനം ചെയ്യും. ലപ്പുറത്തിന്റെ സൗഹൃദപ്പെരുമയും സാഹോദര്യവും വിളിച്ചോതുന്ന ഉദ്ഘാടന സമ്മേളനത്തിലേക്ക് ജില്ലയില്‍ നിന്നുള്ളവരേയും അല്ലാത്തവരേയും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നതായി ഡോം ഖത്തര്‍ പ്രസിഡന്റ് മശ്ഹൂദ് തിരുത്തിയാട്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ്, ട്രഷറര്‍ കേശവ് ദാസ് എന്നിവര്‍ അറിയിച്ചു.