ദോഹ: കൊലക്കുറ്റത്തിന്റെ പേരില്‍ 17 വര്‍ഷമായി ഖത്തര്‍ ജയിലില്‍ കഴിയുന്ന രണ്ട് മലയാളികള്‍ ഖത്തര്‍ ഭരണകൂടത്തിന്റെ കാരുണ്യം തേടുന്നു. തൃശൂര്‍ ജില്ലയിലെ കുന്നം കുളം ചോനൂര്‍ അയ്യപ്പത്ത് റോഡ് മച്ചാങ്കലത്ത് ഹൗസില്‍ ശ്രീധരന്‍ മണികണ്ഠന്‍(42), മണ്ണുത്തി സ്വദേശി ഉണ്ണികൃഷ്ണ മഹാദേവന്‍ എന്നിവരാണ് ഖത്തര്‍ ദേശീയ ദിനത്തില്‍ പൊതുമാപ്പ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുന്നത്. 

മണികണ്ഠന്റെയും മഹാദേവന്റെയും പേരുകള്‍ പൊതുമാപ്പ് പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇവരുടെ മോചനത്തിനുള്ള ശ്രമങ്ങളുമായി ഖത്തറിലെത്തിയ റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(എ)യുടെ ദേശീയ വൈസ് പ്രസിഡന്റും ഇന്റര്‍നാഷനല്‍ ഹ്യൂമന്‍ റൈറ്റ്സ് ഇന്ത്യ വൈസ് പ്രസിഡന്റുമായ നുസ്റത്ത് ജഹാന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

2003-ല്‍ ഒരു ഇന്തോനേഷ്യക്കാരിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് ഇരുവരും തടവിലായത്. 2003 ഡിസംബര്‍ 10-നാണ് മറ്റ് അമ്പത് പേരൊടൊപ്പം ഇരുവരും അറസ്റ്റ് ചെയ്യപ്പെട്ടത്. തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലുള്ള ഒരു സ്ത്രീയുടെ ജഡം വക്റ ബീച്ചില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 

തനിക്ക് ലഭ്യമായ രേഖകള്‍ പ്രകാരം ഉണ്ണികൃഷ്ണനും മഹാദേവനും നിരപരാധികളാണെന്നും അറബി ഭാഷ അറിയാത്തതിനാലാണ് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ അവര്‍ക്ക് സാധിക്കാതിരുന്നതെന്നും  നുസ്റത്ത് ജഹാനും ശ്രീധരന്‍ മണികണ്ഠന്റെ സഹോദരനായ മുരളിയും അവകാശപ്പെട്ടു. കൊല്ലപ്പെട്ടുവെന്ന് പറയുന്ന ഇന്തോനേഷ്യയിലെ സ്ത്രീ 2002 നവംബര്‍ 27-ന് ഖത്തറിലെത്തിയതായും 2004 ഏപ്രില്‍ 1ന് അവര്‍ ജക്കാര്‍ത്തയിലേക്കു മടങ്ങിയതായി രേഖകളുണ്ടെന്നുമാണ് നുസ്റത്ത് ജഹാന്‍ പറയുന്നത്.  

ഒരു നേപ്പാളി ഉള്‍പ്പെടെ മൂന്നു പേരെ കേസില്‍ കീഴ്ക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. തുടര്‍ന്ന് അഡ്വ. നിസാര്‍ കോച്ചേരി സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് മണികണ്ഠന്റെയും മഹാദേവന്റെയും വധശിക്ഷ ജീവപര്യന്തമായും നേപ്പാള്‍ സ്വദേശിയുടെ ശിക്ഷ 15 വര്‍ഷമായും കുറച്ചു. രണ്ട് മലയാളികള്‍ക്ക് വധശിക്ഷ ലഭിച്ച പത്രവാര്‍ത്ത കണ്ടാണ് താന്‍ കേസില്‍ ഇടപെട്ടതെന്ന് അഡ്വ. നിസാര്‍ കോച്ചേരി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

പല കോടതികളും പലതവണ കേസ് ശരിവച്ചിരുന്നു. സുപ്രിം കോടതി മൂന്ന് തവണ വാദം കേട്ട അപൂര്‍വ കേസുകളിലൊന്നായിരുന്നു ഇതെന്നും നിസാര്‍ കോച്ചേരി പറഞ്ഞു. വീട്ടുജോലി ചെയ്തിരുന്ന ഇന്തോനേഷ്യക്കാരിയെ പ്രതികള്‍ വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയും പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് കേസ് രേഖകളില്‍ പറയുന്നത്. 

കേസില്‍ പലതവണ ഖത്തറിലെ സാമൂഹിക പ്രവര്‍ത്തകരും മുന്‍ ഖത്തര്‍ അംബാസഡര്‍ ഡോക്ടര്‍ ജോര്‍ജ് ജോസഫും ഇടപെട്ടിരുന്നുവെന്ന് ഐസിബിഎഫ് പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ പറഞ്ഞു. കേസ് മേല്‍ക്കോടതിയില്‍ എത്തിയത് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഖത്തറില്‍ ടാക്സി ഡ്രൈവറായിരുന്നു മണികണ്ഠനെന്ന് സഹോദരന്‍ മുരളി പറഞ്ഞു.  17 വര്‍ഷമായി സഹോദരന്റെ മോചനത്തിനായി പലരുമായും ബന്ധപ്പെട്ടിരുന്നു. ഒടുവില്‍ അനിയനെ നേരിട്ട് കാണാനായാണ് അങ്കോളയില്‍ മിലിട്ടറി ഫാക്ടറിയില്‍ ജോലി ചെയ്യുന്ന മുരളി ഖത്തറിലേക്ക് വന്നത്. ഉണ്ണികൃഷ്ണ മഹാദേവന്റെ കുടുംബം എവിടെയാണെന്നതിനെക്കുറിച്ച് വിവരമില്ല. 

മണികണ്ഠന്റെയും മഹാദേവന്റെയും മോചനത്തിനായി കേന്ദ്രസര്‍ക്കാറും ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി കുമരനും ഖത്തര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. പൊതുമാപ്പിന് പരിഗണിക്കാന്‍ ഇന്ത്യ നല്‍കിയ അപേക്ഷയില്‍ ഇരുവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് നുസ്റത്ത് ജഹാന്‍ അറിയിച്ചു. ഖത്തര്‍ മനുഷ്യാവകാശ കമ്മീഷനില്‍ നിന്ന് ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ പ്രതികരണമാണ് ലഭിച്ചിട്ടുള്ളതെന്നും നുസ്റത്ത് ജഹാന്‍ കൂട്ടിച്ചേര്‍ത്തു.

content highlights: two indians accused of murder seeks mercy from qatar government