ദോഹ: ഖത്തറില്‍ ഗതാഗത നിയമം ലംഘിക്കുന്ന കാല്‍നടക്കാരില്‍ നിന്ന് പിഴ ഈടാക്കുന്ന നടപടി ഈ മാസം ആദ്യം ട്രാഫിക് വിഭാഗം ആരംഭിച്ചിട്ടും ഇക്കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇത്തരം നിയമ ലംഘനങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്ക് ബോധമില്ലാത്തതാണ് ഇതിന് കാരണമെന്നും കാല്‍നടക്കാര്‍ പാലിക്കേണ്ട ഗതാഗത നിയമലംഘനങ്ങളെക്കുറിച്ച് വിവിധ ഭാഷകളില്‍ ബോധവല്‍ക്കരണം വേണമെന്നും ആവശ്യമുയരുന്നു.

സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും സുരക്ഷിതമാക്കുന്നതിന് കാല്‍നടക്കാര്‍ ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി ആഭ്യന്തര മന്ത്രാലയം ഉണര്‍ത്തിയിരുന്നു.

നിശ്ചിത സ്ഥലങ്ങളില്‍ കൂടിയല്ലാതെ റോഡ് ക്രാസ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ക്ക് പിഴ നല്‍കേണ്ടി വരുമെന്ന കാര്യം പല കാല്‍നടയാത്രക്കാര്‍ക്കും അറിയില്ലെന്നാണ് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് ബോധ്യമാവുന്നത്. ആവശ്യത്തിന് നടപ്പാലങ്ങള്‍ ഇല്ലാത്തത് മൂലം നിയമവിരുദ്ധമായി റോഡ് ക്രോസ് ചെയ്യുന്നവരും ഉണ്ട്.

2017ല്‍ വാഹനമിടിച്ച് 32 പേര്‍ മരിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫികിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ട്രാഫിക് വിഭാഗം സ്വീകരിച്ച വിവിധ നടപടികളെ തുടര്‍ന്ന് ഈ എണ്ണത്തില്‍ കുറവു വന്നിരുന്നു.

നടപ്പാലങ്ങളുടെ കുറവ്, ഹൈവേകളില്‍ വിവിധ പ്രദേശങ്ങളിലുള്ള വെളിച്ചക്കുറവ്, സ്‌കൂളുകള്‍, മസ്ജിദുകള്‍, പാര്‍പ്പിട മേഖലകളില്‍ എന്നിവിടങ്ങളില്‍ ഹംപുകളുടെ അഭാവം, തെറ്റായ രീതിയില്‍ റോഡ് മുറിച്ച് കടക്കല്‍ തുടങ്ങിയവ ഇത്തരം അപകട മരണങ്ങള്‍ക്ക് ഇടയാക്കുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു.

കാല്‍നടക്കാരുടെ ഗതാഗത നിയമലംഘനങ്ങളെക്കുറിച്ച് കഴിഞ്ഞ ആഴ്ച്ചകളില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മദീന ഖലീഫ, അല്‍റയ്യാന്‍, മഅ്മൂറ, ഓള്‍ഡ് എയര്‍പോര്‍ട്ട്, ഇന്‍ഡസ്ട്രിയല്‍ ഏരിയ തുടങ്ങിയ ഭാഗങ്ങളിലാണ് കാല്‍നട യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ അപകടത്തില്‍പ്പെടുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.